തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ നിന്ന് മോചനം നേടാനാകാതെ ബാങ്കുകള്‍. ഇന്നലെയും ഇടപാടുകാര്‍ക്ക് പൂര്‍ണതോതില്‍ പണം നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞില്ല. എല്ലായിടത്തും സാമാന്യം നല്ല തിരക്കുതന്നെ അനുഭവപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസത്തേത് പോലെ അക്രമസംഭവങ്ങള്‍ ഉണ്ടായില്ല. അതേസമയം ടോക്കണ്‍ നല്‍കി പിന്നീട് വരാന്‍ നിര്‍ദേശിക്കുന്ന ബാങ്ക് അധികൃതരോട് ഇടപാടുകാര്‍ പലയിടത്തും സഹകരിക്കുന്നില്ല.
ഒരു ടോക്കണില്‍ ഒരു ചെക്ക് മാത്രമേ സ്വീകരിക്കൂ. പുതിയ ടോക്കണുമായി ക്യൂ നില്‍ക്കാനും അനുവദിക്കുന്നില്ല.
അടുത്ത ദിവസം വരാനാണ് നിര്‍ദേശം. 10,000 രൂപ വരെ മാത്രമേ നല്‍കാനാവൂ എന്നും ചില ബാങ്കുകള്‍ തീരുമാനമെടുത്തിരിക്കുന്നു. കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായ കണ്ണൂരിലെ ബാങ്ക് അടക്കം ഈ നിബന്ധനയാണ് വച്ചിട്ടുള്ളത്. ഇവയൊക്കെ നോട്ട് മാറ്റ വ്യവസ്ഥകള്‍ക്കും ബാങ്കിങ് നിയമത്തിനും എതിരാണെന്ന് ഇടപാടുകാര്‍ പറയുന്നു. എ.ടി.എമ്മുകളില്‍ ആവശ്യത്തിന് നോട്ടുകള്‍ നിറച്ചിട്ടുണ്ടെന്ന് ബാങ്കുകള്‍ അവകാശപ്പെടുമ്പോഴും തൊണ്ണൂറ് ശതമാനം എ.ടി.എമ്മുകളും രണ്ടായിരത്തിന്റെ നോട്ടുകളാണ് ലഭിച്ചത്.