കോഴിക്കോട്: നോട്ട് പ്രശ്‌നത്തി ല്‍ തട്ടി പ്രവാസി മലയാളികളും ബുദ്ധിമുട്ടുന്നു. നാട്ടിലേക്ക് പെട്ടെന്ന് പണമയക്കുന്നതിന് സാധിക്കാത്തതാണ് പ്രശ്‌നം. വിദേശമലയാളികള്‍ നാട്ടിലെ ബന്ധുക്കളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പണമയക്കുന്നത് കറന്‍സി കൈമാറ്റം ചെയ്യുന്ന കമ്പനികള്‍ മുഖേനയാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ ഇത്തരം കമ്പനികള്‍ക്ക് പണം നേരിട്ട് നല്‍കാന്‍ സാധിക്കാതെ വന്നു. പല കമ്പനികളും ഉപഭോക്താക്കള്‍ക്ക് ചെക്കുകളാണ് നല്‍കുന്നത്. ചെക്ക് കിട്ടുന്നവര്‍ അതുമായി ബാങ്കുകളില്‍ അലയുന്ന അവസ്ഥയാണുള്ളത്.
കലക്്ഷന്‍ ഏജന്റുകളായ കമ്പനികള്‍ പണം നല്‍കാനാവാതെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ കൈമലര്‍ത്തുകയാണ്. കറന്‍സി നേരിട്ട് നല്‍കുന്നത് നിര്‍ത്തിവെച്ചതായി യു.എ.ഇ എക്‌സ്‌ചേഞ്ച് അധികൃതര്‍ അറിയിച്ചു. അവരുടെ എക്‌സ്പ്രസ് മണി സര്‍വീസ് ആണ് ഭാഗികമായി നിര്‍ത്തിയത്. പണം കൈമാറുന്നതിന്റെ അറുപതോളം അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ക്ക് ഇപ്പോള്‍ 15 അപേക്ഷകള്‍ മാത്രമേ കൈകാര്യം ചെയ്യുന്നുള്ളു. വിദേശനാണ്യം വിനിമയം ചെയ്യുന്ന വെസ്റ്റേണ്‍ യൂണിയന്‍ കമ്പനിയും കറന്‍സി നേരിട്ട് നല്‍കുന്നത് കുറച്ചിരിക്കുകയാണ്. ആസ്പത്രി ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് മാത്രം പണം നല്‍കുന്നതായി അധികൃതര്‍ പറഞ്ഞു.