X

പുതിയ നോട്ടുകളില്ല: അസാധു നോട്ട് നിക്ഷേപിക്കാനെത്തിയവര്‍ അങ്കലാപ്പില്‍

കോഴിക്കോട്: ബാങ്കുകളില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ യഥേഷ്ടം എത്താത്തതുമൂലം ചില്ലറക്ഷാമം തുടരുന്നു. എ.ടി.എമ്മുകളില്‍ പണമുണ്ടെങ്കിലും രണ്ടായിരത്തിന്റെ ഒറ്റ നോട്ടാണ് കിട്ടുന്നത്. നൂറിന്റെയും അമ്പതിന്റെയും നോട്ടുകള്‍ തേടി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. നോട്ടുക്ഷാമം ക്രിസ്മസ് വിപണിയെയും ബാധിച്ചു. നാട്ടിന്‍പുറങ്ങളില്‍ ചില്ലറ ക്ഷാമം ഇപ്പോഴും തുടരുകയാണ്. എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രണ്ടായിരത്തില്‍ കൂടുതല്‍ കിട്ടുന്നില്ല. 2500 വരെ എ.ടി.എം വഴി പിന്‍വലിക്കാമെങ്കിലും ചില്ലറയുടെ പ്രശ്‌നം കാരണം രണ്ടായിരമേ കിട്ടുന്നുള്ളു.

അതേസമയം, അസാധുവായ നോട്ട് ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തിയവര്‍ റിസര്‍വ് ബാങ്കിന്റെ പുതിയ നയം കാരണം വിഷമത്തിലായിരിക്കുകയാണ്. അസാധുവായ നോട്ടുകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കുമെന്നാണ് നേരത്തെ അറിയിപ്പുണ്ടായിരുന്നത്. എന്നാല്‍ അയ്യായിരം രൂപയില്‍ അധികം നിക്ഷേപിക്കാനെത്തുന്നവര്‍ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്നാണ് ബാങ്കുകാര്‍ പറയുന്നത്. ഇതുകാരണം കഴിഞ്ഞ രണ്ടു ദിവസമായി ബാങ്കുകളില്‍ എത്തുന്നവര്‍ തിരിച്ചുപോവുകയാണ്.

പണം നിക്ഷേപിക്കുന്നവരുടെ സത്യപ്രസ്താവന എഴുതിവാങ്ങിയാണ് ചില ബാങ്കുകള്‍ അസാധുവായ നോട്ടുകള്‍ എടുക്കാന്‍ തയാറായത്. ഇതുമായി ബന്ധപ്പെട്ട് ഇടപാടുകാരില്‍ നിന്ന് തെളിവെടുക്കുകയുമുണ്ടായി. അസാധുവായ നോട്ടുകള്‍ സൗകര്യപൂര്‍വം ബാങ്കിലിടാമെന്ന് കരുതിയ കര്‍ഷകരും മറ്റുമാണ് വെട്ടിലായത്. കൊപ്രയും കുരുമുളകും വിറ്റ വകയില്‍ കിട്ടിയ അസാധു നോട്ടുകള്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് മലയോര കര്‍ഷകര്‍. ചില ബാങ്കുകള്‍ സത്യപ്രസ്താവന സഹിതം പണം സ്വീകരിക്കാന്‍ തയാറാകുമ്പോള്‍ മറ്റു ചില ബാങ്കുകള്‍ പണം സ്വീകരിക്കുന്നതിന് കടുത്ത നിബന്ധനകള്‍ മുന്നോട്ട് വെക്കുകയാണെന്ന് പരാതി ഉയര്‍ന്നു.

chandrika: