ഹാരാഷ്ട്രയിലെ ധാരാവിയില്‍ മസ്ജിദിന്റെ അനധികൃത ഭാഗങ്ങള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങി. ധാരാവിയിലായതിനാല്‍ തന്നെ പൊളിക്കല്‍ നടപടി പൂര്‍ത്തീകരിക്കാന്‍ കുറച്ചധികം സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നൂറുക്കണക്കിന് ആളുകളാണ് സെപ്റ്റബര്‍ 21ന് പൊളിക്കല്‍ നടപടിക്കെതിരെ ധാരാവിയില്‍ പ്രതിഷേധിച്ചത്.
പള്ളിയുടെ ട്രസ്റ്റി അധികൃതരാണ് പൊളിക്കല്‍ നടപടി ആരംഭിച്ച വിവരം അറിയിച്ചത്. പൊളിക്കല്‍ നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ബ്രിഹന്‍ മുംബൈ കോര്‍പറേഷന് കൈമാറിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരും അറിയിച്ചു. പള്ളിയുടെ ട്രസ്റ്റികളുമായി ബി.എം.സി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പൊളിക്കല്‍ നടപടി ആരംഭിച്ചത്.
പള്ളിയുടെ അനധികൃത ഭാഗങ്ങള്‍ പൊളിക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് ചര്‍ച്ച നടന്നത്. യോഗത്തില്‍ ട്രസ്റ്റി അധികൃതര്‍ പള്ളിയുടെ ഭാഗങ്ങള്‍ പൊളിക്കുന്നതിനായി നാലോ അഞ്ചോ ദിവസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചക്കിടെ ബി.എം.സി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നിരുന്നു.ഇതില്‍ ബി.എന്‍.എസ്, മഹാരാഷ്ട്ര പൊലീസ് ആക്റ്റ്, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം എന്നിവ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുംബൈയിലെ പ്രധാനപ്പെട്ട ചേരികളില്‍ ഒന്നായ ധാരാവിയിലെ മെഹബൂബ്-ഇ-സുബ്ഹാനി മസ്ജിദിനെതിരെയായിരുന്നു നടപടി. പള്ളിയുടെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്നാണ് ബ്രിഹന്‍ മുംബൈ മുന്‍സിപ്പില്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥരുടെ വാദം.
ധാരാവിയുടെ 90 ഫീറ്റ് റോഡിനോട് ചേര്‍ന്നാണ് പള്ളി സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അധികൃതര്‍ പള്ളിയുടെ ഭാഗങ്ങള്‍ പൊളിക്കണമെന്ന ആവശ്യത്തില്‍ നിന്ന് നേരത്തെ പിന്മാറിയത്.
നൂറുകണക്കിന് ആളുകളാണ് നഗരസഭക്കെതിരെ ധാരാവിയിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് സംഭവസ്ഥലത്ത് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തിരുന്നു. ഇതിനുപിന്നാലെ താത്കാലികമായി പൊളിക്കല്‍ നടപടിയില്‍ നിന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പിന്മാറുകയായിരുന്നു.
മസ്ജിദിന്റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ അഞ്ച് ദിവസമെങ്കിലും വേണമെന്ന ഭാരവാഹികളുടെ അഭ്യര്‍ത്ഥന അധികൃതര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പള്ളിയുടെ ഭാഗങ്ങള്‍ തങ്ങള്‍ തന്നെ പൊളിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭാരവാഹികള്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷയും നല്‍കിയിരുന്നു.