മുസ്‌ലിം പള്ളി തകര്‍ത്ത് ക്ഷേത്രം പണിയുന്നത് ഡി.എം.കെ അംഗീകരിക്കുന്നില്ലെന്ന് ഉദയനിധി സ്റ്റാലിന്‍. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ഡി.എം.കെ ഒരു മതവിശ്വാസത്തിനും എതിരല്ല, എന്നാല്‍ പള്ളി തകര്‍ത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത് അംഗീകരിക്കില്ല’,അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയെ ഉദ്ധരിച്ച് ഉദയനിധി പറഞ്ഞു.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം എ.ഐ.എ.ഡി.എം.കെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും അവര്‍ ഇതിനകം തന്നെ അയോധ്യയിലേക്ക് കര്‍സേവകരെ അയച്ചിട്ടുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിനെ മറുപടി.
എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി കാലുവേദനയെത്തുടര്‍ന്ന് മെത്രാഭിഷേകത്തില്‍ നിന്ന് വിട്ടുനിന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ഇ.പി.എസിന് ഇഴയുന്ന ശീലമുള്ളതിനാല്‍ കാലുകള്‍ക്ക് വേദനയുണ്ടാണ്ടാകുന്നത് സ്വാഭാവികം എന്നായിരുന്നു ഉദയനിധിയുടെ പരിഹാസം.
മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്തരുതെന്ന് പറഞ്ഞ അദ്ദേഹം ആധ്യാത്മികതയും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്ന് ഞങ്ങളുടെ ട്രഷറര്‍ (ടി.ആര്‍. ബാലു) നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്’ എന്നും ഓര്‍മിപ്പിച്ചു. സനാതനധര്‍മ്മത്തെ കുറിച്ചുള്ള ഉദയനിധിയുടെ പരാമര്‍ശം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
ജനുവരി 22 നാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍ തുടങ്ങിയ നൂറുകണക്കിന് പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മതപരമായ ചടങ്ങില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ്, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചു.
ബാബരി മസ്ജിദ് പൊളിച്ച് ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, തര്‍ക്ക സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ 2019 ല്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. മസ്ജിദ് പണിയാന്‍ പ്രത്യേക സ്ഥലം നല്‍കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.