X

ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി: അടിയന്തിര എക്‌സിക്യൂട്ടിവ് യോഗം ഇന്ന്

കോട്ടയം: ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം ഇന്ന് 11 മണിക്ക കോട്ടയത്ത് ചേരും. മുന്നണി പ്രവേശം മുതല്‍ ഭിന്നിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാണി എല്‍ഡിഎഫുമായി അടുക്കുന്നുവെന്ന വാര്‍ത്തകള്‍ ഉയരുന്നതിനിടെയാണ് അടിയന്തിര യോഗം ഏറെ പ്രസക്തമാവുന്നത്.

മാണി വിഭാഗത്തില്‍ പിളര്‍പ്പുണ്ടെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെ ജോസഫ് ഗ്രൂപ്പുമായി ചേര്‍ന്ന് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ കണ്ടെത്തണമോ തുടങ്ങിയ കാര്യങ്ങളെല്ലാം യോഗം ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഭാവി തീരുമാനിക്കുന്ന വിഷയങ്ങളാണ് യോഗത്തിന്റെ അജണ്ടയെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

നേരത്തേ, മാണിയെയും മകന്‍ ജോസ് കെ മാണിയെയും പേരെടുത്ത് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മാണി എല്‍ഡ്എഫിനോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പിജെ ജോസഫും കൂട്ടരും പിണക്കത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ച പിജെ ജോസഫ് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന നിലപടുമായി ഒരു ഘട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തര്‍ക്കങ്ങള്‍ പരിഹരിക്കാനായി മാണി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പിജെ ജോസഫ് പങ്കെടുക്കാതിരുന്നത് പിളര്‍പ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക വേഗം കൂട്ടി. അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഭാവിയും മുന്നണി സാധ്യതകളും ചര്‍ച്ച ചെയ്യാനുമാണ് അടിയന്തിര യോഗമെന്നാണ് വിലയിരുത്തല്‍.

chandrika: