പുതുവത്സര ദിനത്തിലും സ്വർണവിലയിൽ വർധന. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. 57,200 രൂപയായാണ് സ്വർണവില വർധിച്ചത്. ഗ്രാമിന് 40 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 7150 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്.
2024ൽ വൻ നേട്ടമാണ് മഞ്ഞ ലോഹം ഉണ്ടാക്കിയത്. ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന്റെ വില 26 ശതമാനം ഉയർന്നിരുന്നു. കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണ വാങ്ങിയതും ആഗോളതലത്തിലെ സംഘർഷങ്ങളും റിസർവ് ബാങ്ക് ഉൾപ്പടെയുളളവയുടെ വായ്പനയവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. 2025ലും സ്വർണത്തിന് വൻ വില വർധനയുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില എണ്ണ കമ്പനികൾ കുറച്ചു. 19 കിലോ ഗ്രാം ഭാരമുള്ള വാണിജ്യ പാചകവാതകത്തിന്റെ വിലയിൽ 14.5 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വിലയിലും കമ്പനികൾ മാറ്റം വരുത്തിയിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വിലയിൽ കിലോ ലിറ്ററിന് 1401 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.
വാണിജ്യ പാചകത്തിന്റെ വില കുറച്ചത് റസ്റ്ററന്റ് പോലുള്ള വ്യവസായം നടത്തുന്നവർക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.