ഡല്‍ഹി: ഡെല്‍റ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഡെല്‍റ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം.
കേരളത്തില്‍ പാലക്കാടും പത്തനംതിട്ടയിലും കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിശോധന കൂട്ടി ക്വാറന്റൈന്‍ കര്‍ശനമാക്കി രോഗ വ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടത്.
പത്തനംതിട്ടയില്‍ നാല് വയസുകാരനും പാലക്കാട് രണ്ട് പേര്‍ക്കുമാണ് കേരളത്തില്‍ ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും നേരത്തെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.