X
    Categories: indiaNews

ചീറ്റയെ എത്തിക്കല്‍; പദ്ധതി കോണ്‍ഗ്രസിന്റേത്

ന്യൂഡല്‍ഹി: നമീബിയയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം പൊള്ളയാണെന്ന് കോണ്‍ഗ്രസ്. 2009ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു പദ്ധതിയുണ്ടാക്കിയിരുന്നതിന്റെ തെളിവുകള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പുറത്തുവിട്ടു.

പ്രധാനമന്ത്രി ഇപ്പോള്‍ നടത്തുന്നത് പ്രഹസനമാണെന്നും 2009- 2011ലാണ് ചീറ്റ പ്രൊജക്റ്റിന്റെ പ്രൊപ്പോസല്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ രഞ്ജിത് സിങിന് ജയറാം രമേഷ് അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. ‘2009ല്‍ പ്രൊജക്ട് ചീറ്റയ്ക്ക് തുടക്കമിട്ട കത്ത് ഇതായിരുന്നു. നമ്മുടെ പ്രധാനമന്ത്രി ഒരു പാത്തോളജിക്കല്‍ നുണയനാണ്. ഭാരത് ജോഡോ യാത്രയിലായതിനാലാണ് കത്ത് പുറത്തുവിടാന്‍ വൈകിയത്’- ജയറാം രമേശ് ട്വീറ്റ് ചെയ്തു. മന്‍മോഹന്‍ മന്ത്രിസഭയില്‍ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ്, പദ്ധതിയുടെ ഭാഗമായി ആഫ്രിക്കന്‍ പര്യടനം നടത്തുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചു.

എന്നാല്‍ 2010ല്‍ കോണ്‍ഗ്രസ് ആവിഷ്‌കരിച്ച പദ്ധതി 2013ല്‍ സുപ്രീംകോടതി നിരോധിക്കുകയായിരുന്നു. പിന്നീട് 2020ല്‍ ഈ നിരോധനം കോടതി എടുത്തുകളഞ്ഞു. കോണ്‍ഗ്രസിന്റെ ശ്രമഫലമായാണ് 13 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇപ്പോള്‍ ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക് എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2009-2011 കാലയളവില്‍ താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരിക്കെ കടുവകളെ ആദ്യമായി പന്നയിലേക്കും സരിസ്‌കയിലേക്കും മാറ്റിയപ്പോള്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ആ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായും ജയ്‌റാം രമേശ് പറഞ്ഞു. ചീറ്റപ്പുലികളെ കൊണ്ടു വന്നതിന് വ്യാപക പ്രചാരണം നല്‍കുന്നത് ദേശീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നടത്തുന്ന തമാശ അനാവശ്യമാണെന്നും രാജ്യം നേരിടുന്ന നിരവധി വിഷയങ്ങളും ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന ജനശ്രദ്ധയും വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായി ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിച്ചത്. ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തില്‍ പ്രധാനമന്ത്രി മോദി തുറന്നുവിട്ടിരുന്നു. 70 വര്‍ഷത്തിന് ശേഷം ചീറ്റപ്പുലികളെ രാജ്യത്ത് എത്തിക്കുന്നതിനാല്‍ വലിയ പ്രചാരണമാണ് മോദി സര്‍ക്കാര്‍ നല്‍കുന്നത്. 5 പെണ്‍ ചീറ്റകളും 3 ആണ്‍ ചീറ്റപ്പുലികളെയാണ് നമീബിയയില്‍ നിന്നും എത്തിച്ചത്. പെണ്‍ ചീറ്റകള്‍ക്ക് രണ്ട്,അഞ്ച് വയസും ആണ്‍ ചീറ്റകള്‍ക്ക് നാലര-അഞ്ചര വയസുമാണ് പ്രായം. ലോകത്താകെ 7000ന് താഴെ ചീറ്റകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

Test User: