X

ചെന്നൈക്കെതിരെ ഡല്‍ഹിക്കു ജയം; പോയിന്റ് ടേബിളില്‍ തലപ്പത്ത്

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിലെ ഏഴാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 44 റണ്‍സിനാണ് തോല്‍പിച്ചത്. 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. രണ്ടു മത്സരങ്ങളിലും ജയിച്ചതോടെ ഡല്‍ഹി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.

ഡല്‍ഹിക്കായി കഗീസോ റബാഡ മൂന്നും ആന്റിച് നോര്‍ജെ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി. എന്നാല്‍ അവേഷ് ഖാന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല എന്നതാണ് ഡല്‍ഹിയിലെ ഒരു പോരായ്മ. ഇവരുടെ പന്തില്‍ ചെന്നൈ ബാറ്റ്‌സ്മാന്മാര്‍ റണ്‍സെടുക്കാന്‍ വിയര്‍ത്തു. ഹാഫ് ഡുപ്ലെസി മാത്രമാണ് ചെന്നൈ നിരയില്‍ (43 റണ്‍സ്) ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.

അഞ്ചാം ഓവറില്‍ ഷെയിന്‍ വാട്‌സണ്‍ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ഹെട്‌മെയറിനു പിടി നല്‍കി മടങ്ങിയതോടെ ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടം. ക്രീസില്‍ ഏറെ ബുദ്ധിമുട്ടിയ മുരളി വിജയ് (10) പവര്‍ പ്ലേയുടെ അവസാന പന്തില്‍ നോര്‍ജെയുടെ കൈകളില്‍ അവസാനിക്കുമ്പോള്‍ സ്‌കോബോര്‍ഡില്‍ വെറും 34 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഋതുരാജ് ഗെയ്ക്‌വാദ് (5) റണ്ണൗട്ടായി.

നാലാം വിക്കറ്റില്‍ ഫാഫ് ഡുപ്ലെസിയും കേദാര്‍ ജാദവും ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന് 54 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. 16ആം ഓവറില്‍ ആന്റിച് നോര്‍ജെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നോര്‍ജെ ജാദവിനെ (26) വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇതിനിടെ അവേഷ് ഖാന്റെ ഓവറുകളില്‍ ഹെട്‌മെയറും നോര്‍ജെയും ഓരോ തവണ വീതം ഡുപ്ലെസിയുടെ ക്യാച്ച് പാഴാക്കി. റബാഡയുടെ ഓവറില്‍ വീണ്ടും ഹെട്‌മെയര്‍ ഡുപ്ലെസിയെ കൈവിട്ടു. ആ ഓവറില്‍ തന്നെ ഡുപ്ലെസി ഋഷഭ് പന്തിന്റെ കൈകളില്‍ അവസാനിച്ചു. 43 റണ്‍സെടുത്തതിനു ശേഷമാണ് താരം പവലിയനിലേക്ക് മടങ്ങിയത്.

 

web desk 1: