X

അതിര്‍ത്തിയടച്ച് യുപി സര്‍ക്കാര്‍; ആര്‍ക്കും തടുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

ലക്നൗ: കൂട്ടബലാത്സംഗത്തിനൊടുവില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വീണ്ടും ഹാത്രസിലേക്ക് പുറപ്പെട്ടു. യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തോടും കുടുംബത്തോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും അവര്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാത്രസിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഹാത്രസിലേക്ക് പുറപ്പെട്ടു. പ്രിയങ്ക ഡ്രൈവറായ കാറിലാണ് രാഹുല്‍ പുറപ്പെട്ടത്. മറ്റു കോണ്‍ഗ്രസ് എംപിമാര്‍ ഇവരെ അനുഗമിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വീണ്ടും ഹാത്രസിലേക്ക് തിരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയടച്ച് കടത്ത നടപടിക്കാണ് യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നത്. യുപി. പി.സി.സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു വീട്ടുതടങ്കലാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ യോഗി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഹാത്രസിലെ ദുഃഖിതരായ കുടുംബത്തെ കണ്ടുമുട്ടുന്നതിലും അവരുടെ വേദന പങ്കിടുന്നതിലും ലോകത്തെ ഒന്നിനും തന്നെ തടയാനാവില്ലെന്ന്, രാഹുല്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.

ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഇത്തവണയും തങ്ങള്‍ക്ക് പറ്റിയില്ലെങ്കില്‍ അതിനായി ഞങ്ങള്‍ വീണ്ടും ശ്രമിക്കുമെന്ന് പ്രിയങ്ക ഗാന്ധി. നേരത്തെ ഉന്നാവോ സംഭവത്തില്‍ മൂന്നാം ശ്രമത്തിലാണ് ഇരയുടെ വീട്ടിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ യുപി ഭരണകൂടം അനുവദിച്ചിരുന്നത്.

ക്രൂരമായി ആക്രമിക്കപ്പെട്ടതും കൊല ചെയ്യപ്പെട്ടതും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അര്‍ദ്ധരാത്രിയില്‍ മൃതദേഹം രഹസ്യമായി സംസ്‌കരിച്ചതുമായ ഉത്തര്‍പ്രദേശിലെ 19 കാരിയായ മകളുടെ കുടുംബത്തെ കാണാനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം പോകുന്നത്. കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അവരുടെ പരാതികള്‍ കേള്‍ക്കുകയും ഗുരുതരമായ കുറ്റകൃത്യത്തിന്റെ സത്യം മറച്ചുവെക്കാനുള്ള ഭരണകൂടത്തിന്റെ തീവ്രശ്രമത്തിനെ പോരാടുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.

വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ് രസില്‍ പോയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് രാഹുല്‍ ഗാന്ധിയെ തടയുകയും കയ്യേറ്റം നടത്തുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ പൊലീസുകാര്‍ തള്ളി വീഴ്ത്തുകയായിരുന്നു. അതിന് പിന്നാലെ രാഹുലിനേയും പ്രിയങ്കയേയും കസ്റ്റഡിയില്‍ എടുത്ത് ഇവരെ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ അതിക്രമം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് യുപി ഗവണ്‍മെന്റെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നുള്ള ആവശ്യവും ശക്തമായി. അതിന് പിന്നാലെയാണ് വീണ്ടും ഹാത്രസ് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഹത്രാസിലെത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഡെറക് ഒബ്രയന്‍ ഉള്‍പ്പെടെയുള്ള ടിഎംസിയും വനിതാ എംപിമാരെയടക്കം യുപി പോലീസ് മര്‍ദ്ദിച്ചിരുന്നു. യുപി പോലീസ് ഉദ്യോഗസ്ഥര്‍ ഡെറക് ഒബ്രയനെ നിലത്തേക്ക് തള്ളിയിടുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ വനിതാ എംപിയുടെ ബൗസ് പുരുഷ പോലീസുകാര്‍ പിടിച്ചുവലിച്ചതും വിവാദമായിരുന്നു.

അതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള തീരുമാനത്തിലാണ് യുപി സര്‍ക്കാര്‍.

 

chandrika: