ഡല്‍ഹി സര്‍വകലാശാലയിലെ എ.ബി.വി.പി യുടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ബിരുദ പ്രവേശനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്. ഡല്‍ഹി സര്‍വകലാശാലയിലെ എ.ബി.വി.പി നേതാവ് തുഷാര്‍ ദേധയാണ് വ്യാജ പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയത്.
രണ്ട് പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളാണ് ഇയാള്‍ പ്രവേശനത്തിന് നല്‍കിയത്. സി.ബി.എസ്.സി സര്‍ട്ടിഫിക്കറ്റിന് പുറമെ യു.പി സര്‍ക്കാരിന്റെ മാധ്യമ ശിക്ഷാ പരിഷത്തിന്റെയും പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ഇയാള്‍ നല്‍കുകയായിരുന്നു. ഒരേ വര്‍ഷം സി.ബി.എസ്.സി ആര്‍ട്‌സ് വിഭാഗത്തിലും റെഗുലര്‍ വിദ്യാര്‍ത്ഥിയായി സംസ്ഥാന ബോര്‍ഡിന്റെ സയന്‍സ് സ്ട്രീം പൂര്‍ത്തിയാക്കിയതിന്റെ രേഖകളാണ് ഇയാള്‍ നല്‍കിയത്. രണ്ടു സര്‍ട്ടിഫിക്കറ്റുകളും അസാധുവാകുമെന്നിരിക്കെയാണ് ഇയാള്‍ പ്രവേശനം നേടിയത്.
സമാന്തരമായി പ്ലസ്ടു വിനു രണ്ടു കോഴ്‌സ് പഠിക്കുന്നത് ചട്ട വിരുദ്ധമാണ്. ചട്ടം ലംഘിച്ച് പ്രവേശനം നേടിയ ഇയാളുടെ വിദ്യാര്‍ത്ഥി യൂണിയന്‍ പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത് വന്നു.
ഇതാദ്യമായല്ല ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഇത്തരത്തിലൊരു തട്ടിപ്പിന്റെ വാര്‍ത്ത പുറത്തു വരുന്നത്. 2018ല്‍ അന്നത്തെ ഡി.യു പ്രസിഡണ്ട് അങ്കിവ് ബെസോയ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു. 2022ല്‍ എല്‍.എല്‍.എം മെറിറ്റ് റാങ്ക് ലിസ്റ്റില്‍ എ.ബി.വി.പിയുടെ വിദ്യര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അക്ഷത് ദഹിയക്ക് ഒന്നാം റാങ്ക് നല്‍കിയതും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.