ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ പട്ടിണി കൊണ്ട് മരിച്ചു. ശിഖ (8), മാനസി(4), പാരുല്‍(2) എന്നീ കുട്ടികളാണ് പട്ടിണി കൊണ്ട് മരണമടഞ്ഞത്. വീടുവിട്ടുപോകേണ്ടി വന്ന രക്ഷിതാക്കള്‍ക്കൊപ്പം മണ്ടവാലിയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. കുട്ടികള്‍ വയറുവേദന എന്ന് പറയുകയും ഛര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞതായി പൊലീസ് പറഞ്ഞു. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. രണ്ട് ദിവസം മുമ്പാണ് ഇവര്‍ മണ്ടവാലിയിലേക്ക് വന്നതെന്നും അതിന് മുമ്പ് മറ്റൊരു കുടുംബത്തോടൊപ്പമായിരുന്നു ഇവരുടെ താമസമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഡല്‍ഹിയിലെ മധുവിഹാറില്‍ റിക്ഷാ വലിച്ചു ജീവിച്ചിരുന്ന മംഗള്‍ എന്നയാളാണ് കുട്ടികളുടെ പിതാവ്. എന്നാല്‍ കുറച്ചു ആഴ്ച്ചകള്‍ക്ക് മുമ്പ് ഇയാളുടെ റിക്ഷാ മോഷണം പോയി. തുടര്‍ന്ന് മറ്റൊരു തൊഴില്‍ തേടി പോയ ഇയാളെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവരമൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണില്ലാത്ത ഇയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കുട്ടികളുടെ അമ്മയായ ബീന മാനസികാസ്വാസ്ഥ്യമുള്ളയാണ്. ഇവര്‍ക്ക് കുട്ടികളെ തീരെ ശ്രദ്ധിക്കാനോ അവരുടെ അവസ്ഥ അറിയാനോ സാധിച്ചില്ല. തൊഴിലന്വേഷിച്ചു പോകും മുമ്പ് മംഗള്‍ പുതിയ സ്ഥലത്തേക്ക് ഭാര്യയേയും മക്കളേയും മാറ്റി താമസിപ്പിച്ചിരുന്നു. അച്ഛന്റേയും അമ്മയുടേയും ശ്രദ്ധ കിട്ടാതിരുന്ന കുട്ടികള്‍ സ്വന്തം നിലയില്‍ ഭക്ഷണം യാചിച്ചു നോക്കിയെങ്കിലും പുതിയ സ്ഥലത്ത് ആ ശ്രമം പരാജയപ്പെട്ടു.
ആരൊക്കെയോ ചേര്‍ന്ന് കുട്ടികളെ ആസ്പത്രിയിലെത്തിച്ചെങ്കിലും 18 മണിക്കൂര്‍ മുമ്പെങ്കിലും അവര്‍ മരിച്ചിരുന്നുവെന്നാണ് ഇവരെ പരിശോധിച്ച ലാല്‍ബഹദൂര്‍ ശാസ്ത്രി ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അമിത് സക്‌സേന പറയുന്നത്. കുട്ടികള്‍ മരിച്ചത് പട്ടിണി കിടന്നാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണെന്നും ചൂണ്ടിക്കാട്ടുന്നു.