റഫീഖ് ഷാ
ശ്രീനഗര്‍: 2005 എന്ന വര്‍ഷം മുഹമ്മദ് റഫീഖ് ഷായെന്ന കശ്മീരി യുവാവ് മറക്കില്ല. അന്നാണ് കശ്മീര്‍ സര്‍വകലാശാലയില്‍ ഇസ്്‌ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മുഹമ്മദ് റഫീഖ് ഷായെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്നും ഒരു പ്രഭാതത്തില്‍ ഒരു സംഘം പോലീസുകാര്‍ പിടിച്ചു കൊണ്ടുപോകുന്നത്.
2005ല്‍ ദീപാവലിയുടെ തലേ ദിവസം വൈകീട്ട് ഡല്‍ഹിയില്‍ 67 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ കുറ്റക്കാരനാണെന്നു ആരോപിച്ചായിരുന്നു അറസ്റ്റ്. സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി മുഹമ്മദ് ഷായെ മോചിപ്പിച്ചപ്പോഴേക്കും അദ്ദേഹത്തിന് നഷ്ടമായത് ഒരു പതിറ്റാണ്ട് കാലമായിരുന്നു. എങ്കിലും 34 കാരനായ അദ്ദേഹം പറഞ്ഞത് ‘നീതി നടപ്പിലായി’ എന്നാണ്. ചെയ്യാത്ത കുറ്റത്തിന് പന്ത്രണ്ട് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നതിന്റെ വേദനയോടെ. 12 വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധിയാണെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടപ്പോള്‍ ഷായ്ക്ക് നഷ്ടമായത് ജീവിതത്തിലെ നല്ല കാലമാണ്.
ഭീകരവാദ കുറ്റം ചുമത്തി തങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് ഒരു പതിവ് കാഴ്ചയാണെന്ന് കോടതി കുറ്റവിമുക്തനാക്കിയ മുഹമ്മദ് ഷാ പറഞ്ഞു. കശ്മീരില്‍ ജീവിക്കുന്നവര്‍ക്ക് ഇതൊരു പുത്തരിയല്ല. കേസില്‍ 325 സാക്ഷികളെ വിസ്തരിക്കാനുളളതു കൊണ്ട് കേസ് തീര്‍പ്പാകണമെങ്കില്‍ സമയം എടുക്കുമെന്ന് ഉറപ്പായിരുന്നു. തളര്‍ന്നു പോകുമെന്ന ഘട്ടത്തില്‍ ഖുര്‍ആന്‍ പഠിച്ചാണ് ആശ്വാസം കണ്ടെത്തിയത്. കശ്മീരില്‍ തീവ്രവാദ കുറ്റം ആരോപിച്ച് കോടതി വെറുതെ വിട്ട യുവാക്കളോടൊപ്പം നില്‍ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഷാ പറഞ്ഞു.
ഡല്‍ഹിയില്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് താന്‍ ക്ലാസിലായിരുന്നു. പൊലീസ് അല്‍പം മനുഷ്യത്വത്തോടെ പെരുമാറാന്‍ പഠിക്കണം. കഴിഞ്ഞ കാലത്തെകുറിച്ചോര്‍ത്ത് ദുഃഖിക്കാനില്ലെന്നും ഇനിയുള്ള കാലം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 34കാരനായ മുഹമ്മദ് ഷാ ജയിലില്‍വെച്ച് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും ഇനിയും പഠനം തുടരണമെന്ന് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നും ഷാ ആവശ്യപ്പെട്ടു.
പൊലീസ് പിടിച്ചു കൊണ്ടു പോകുമ്പോള്‍ 22 കാരനായിരുന്ന ഷായുടെ അടുത്ത് സുഹൃത്തായിരുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥി ബഷീര്‍ അഹമ്മദ് പി.എച്ച്.ഡി പൂര്‍ത്തിയാക്കി കോളജ് അധ്യാപകനാണിപ്പോള്‍. 12 വര്‍ഷമെന്നത് വലിയ കാലയളവാണെന്നും കെട്ടിച്ചമക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ സുഹൃത്തിനെ ജയിലിലടച്ചത്. സ്‌ഫോടനം നടന്ന ദിവസം തങ്ങളോടൊപ്പമുണ്ടായിരുന്ന റഫീഖ് എങ്ങിനെയാണ് ഡല്‍ഹിയില്‍ ആ ദിവസം സ്‌ഫോടനം നടത്തുകയെന്നും അദ്ദേഹം ചോദിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും റഫീഖിന്റെ അറസ്റ്റ് ഒരു ഞെട്ടലായിരുന്നെന്നും ബഷീര്‍ ഓര്‍ത്തെടുക്കുന്നു.
അദ്ദേഹത്തിന്റെ മാതാവ് മകനെയോര്‍ത്ത് 12 വര്‍ഷമായി വിതുമ്പുകയായിരുന്നെന്നും കുടുംബം ഏറെ കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ഷായ്‌ക്കൊപ്പം പിടിക്കപെട്ട മറ്റ് മൂന്നു പേരെയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
ഹുസൈന്‍ ഫാസിലി
ശ്രീനഗര്‍: ബച്‌പോര ആകെ മാറിയിരുന്നു. അഴിക്കുള്ളില്‍ കഴിഞ്ഞ നീണ്ട 12 വര്‍ഷങ്ങള്‍ക്കിടെ എന്തിനെല്ലാം സാക്ഷിയായിരിക്കുന്നു കശ്മീര്‍! ഡല്‍ഹി സ്‌ഫോടനക്കേസില്‍ 12 വര്‍ഷത്തെ വിചാരണത്തടവിനു ശേഷം കോടതി വെറുതെ വിട്ട മുഹമ്മദ് ഹുസൈന്‍ ഫാസിലിക്ക് ആ മാറ്റങ്ങള്‍ ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഇക്കാലയളവില്‍ തണലായി നിന്ന ഉമ്മയും ഉപ്പയും അസുഖക്കിടക്കയിലേക്ക് വീണത് അയാളെ മുറിപ്പെടുത്തി. ഒരു ഹൃദയാഘാതം ഉമ്മയുടെ ശരീരത്തെ ഭാഗികമായി തളര്‍ത്തി. ഉപ്പ ഹൃദയാസുഖങ്ങളോട് പൊരുതുന്നു.
67 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2005ലെ ഡല്‍ഹി സ്‌ഫോടന പരമ്പര തന്റെ ജീവിതവും മാറ്റി മറിക്കുമെന്ന് അന്ന് 30 വയസ്സുണ്ടായിരുന്ന ഫാസിലി ഒരിക്കല്‍ പോലും നിനച്ചിരുന്നില്ല. ശ്രീനഗറില്‍ ഷാള്‍ വ്യാപാരവുമായി കഴിഞ്ഞു കൂടിയിരുന്ന അയാളെ എന്തിനെന്നു പോലും പറയാതെ ഒരു ദിവസം ഡല്‍ഹി പൊലീസ് കൈയാമം വെച്ചു കൊണ്ടുപോകുകയായിരുന്നു. തണുപ്പുള്ള ഒരു നവംബര്‍ രാവില്‍ പള്ളിയില്‍ നിന്ന് മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞു വരുന്ന വഴിയാണ് തന്നെത്തേടി പൊലീസെത്തിയത്.
‘ഒരിക്കലും ചെയ്യാത്ത കുറ്റത്തിനാണ് ഞാന്‍ ശിക്ഷിക്കപ്പെട്ടത്. എന്തിനായിരുന്നു അത്. ജീവതത്തില്‍ നഷ്ടപ്പെട്ടു പോയ 12 വര്‍ഷം ആര് തിരികെ തരും. എന്റെ മാതാപിതാക്കള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ ആര്‍ക്കെങ്കിലും ഇല്ലാതാക്കാന്‍ കഴിയുമോ? – ബച്‌പോരയിലെ വീട്ടിലിരുന്ന് അദ്ദേഹം ചോദിച്ചു.
തിഹാര്‍ ജയിലിലെ ഇരുട്ടു നിറഞ്ഞ വിചാരണക്കാലയളവില്‍ നിന്ന് ഒരിക്കല്‍ പോലും തന്റെ മാതാപിതാക്കളെ കാണാന്‍ ഫാസിലിക്കായിട്ടില്ല. മോചിതനായി താന്‍ ഗേറ്റു കടന്നു വന്നപ്പോള്‍ ഉമ്മ സന്തോഷം കൊണ്ട് കരഞ്ഞുവിളിച്ചു. മൂന്നു പേര്‍ അവരുടെ ചുമലില്‍ പിടിച്ചിരുന്നു. മറ്റൊരു ഹൃദയാഘാതമുണ്ടാകുകയാണോ എന്നു പോലും ഞങ്ങള്‍ ഭയപ്പെട്ടു- അദ്ദേഹം പറഞ്ഞു. നിനച്ചിരിക്കാതെയെത്തിയ മകനെ കണ്ട് 73കാരനായ പിതാവ് ഗുലാം റസൂലിന് വാക്കുകളുണ്ടായിരുന്നില്ല. ‘സന്തോഷം എന്നു മാത്രമേ പറയാനുള്ളൂ. എന്റെ മകന്‍ 12 വര്‍ഷത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു’ ഗുലാം പറഞ്ഞു.
ഇനിയെന്ത് എന്ന ചോദ്യം വല്ലാതെ ആധി പിടിപ്പിക്കുന്നുണ്ട് ഫാസിലിയെ.ഉമ്മയെയും ഉപ്പയെയും നോക്കണം. വേഗം ഒരു ജോലി കണ്ടുപിടിക്കണം- അദ്ദേഹം പറയുന്നു.