Sന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയും ശശി തരൂരിനെ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയ്യുന്ന റിപ്പബ്ലിക് ടി.വിക്കും അര്‍ണാബ് ഗോസ്വാമിക്കുമെതിരെ ഡല്‍ഹി ഹൈക്കോടതി. നിശ്ശബ്ദനായിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് മന്‍മോഹന്‍ റിപ്പബ്ലിക്കിന് നോട്ടീസയച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് അര്‍ണാബിനും ചാനലിനുമെതിരെ തരൂര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി.
‘നിങ്ങള്‍ (ചാനലും അര്‍ണാബും) നിശ്ശബ്ദനായിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണം’ – എന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ‘സുനന്ദയുടെ കൊലപാതകം’ എന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് ചാനലിനെ തടണമെന്ന് തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു. എന്നാല്‍, പൊലീസ് റിപ്പോര്‍ട്ടുകളും മറ്റ് തെളിവുകളും ഉദ്ധരിക്കുക മാത്രമാണ് ചാനല്‍ ചെയ്തതെന്ന് അര്‍ണാബിനും റിപ്പബ്ലിക്കിനും വേണ്ടി ഹാജരായ അഡ്വ. സന്ദീപ് സേഥി പറഞ്ഞു. ഓഗസ്റ്റ് 16-ന് കേസില്‍ തുടര്‍ന്ന് വാദം കേള്‍ക്കും.
സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് റിപ്പബ്ലിക് ടി.വി പലതവണ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചാനലിനും അര്‍ണാബ് ഗോസ്വാമിക്കുമെതിരെ രണ്ട് കോടി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് തരൂര്‍ കോടതിയെ സമീപിച്ചത്.
ശശി തരൂരിനെതിരെ ശക്തമായ ആക്രമണമാണ് ചാനലിലൂടെയും അല്ലാതെയും റിപ്പബ്ലിക് ടി.വി നടത്തുന്നത്. ചാനലുമായി സഹകരിക്കില്ലെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. ‘പോലീസിനോടും കോടതികളുമായും നിയമവിധേയമായ അധികൃതരുമായും സഹകരിക്കുക എന്നതാണ് എന്റെ ചുമതല. ഒരു ബനാന റിപ്പബ്ലിക് ചാനലിന്റെ ‘വിച്ച് ഹണ്ടി’നോടല്ല’ – എന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഡല്‍ഹിയില്‍ തരൂരിന്റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ പത്രസമ്മേളനം റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍മാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് തടസ്സപ്പെട്ടു. തുടര്‍ന്ന് വേദിക്കു പുറത്തും റിപ്പോര്‍ട്ടര്‍മാര്‍ തരൂരിനെ വളഞ്ഞിരുന്നു.