ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി പോലീസ് നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. സിപിഐ ദേശീയ സെക്രട്ടറി സീതാറം യെച്ചൂരിയ്ക്ക് പുറമെ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദ ജയതി ഘോഷ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവര്‍ക്ക് കലാപ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കുറ്റപത്രത്തിലെ പരാമര്‍ശം വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. പാര്‍ലമെന്റ് വാര്‍ഷിക സമ്മേളനം തുടങ്ങാന്‍ രണ്ട് ദിവസങ്ങള്‍ ശേഷിക്കെ പുറത്ത് വന്ന കുറ്റപത്രത്തിലെ ഉള്ളടക്കം ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നതിനിടയാണ് പോലീസ് നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്.
സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധിര്‍രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
”എന്താണ് ഇത്? ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് പ്രകടനങ്ങള്‍ സംഘടിപ്പിച്ചതെന്ന വാദം പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിനാണ്. ഇത് അവരുടെ രാഷ്ട്രീയം തന്ത്രമാണ്. പ്രമുഖ വ്യക്തിത്വങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായാണ് ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പോലീസ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇതില്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
അവര്‍ ഇടതുപക്ഷ ലക്ഷ്യമുള്ളവരായിരിക്കാം, പക്ഷേ അവരുടെ യോഗ്യതാപത്രങ്ങളും സമഗ്രതയും ചോദ്യം ചെയ്യപ്പെടാത്തവയാണ്, അവ രാജ്യത്തുടനീളം അംഗീകരിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ നീക്കമാണിതെന്നും അത് ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റപത്രത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ട നേതാക്കള്‍ക്ക് പിന്തുണയുമായി മുതിര്‍ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും ശശി തരൂര്‍ എംപിയും രംഗത്തെത്തി. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന വഞ്ചകരേക്കാള്‍ ദേശഭക്തരാണ് ഇവരെല്ലാമെന്നാണ് ജയ്‌റാം രമേശിന്റെ പ്രതികരണം.
അതേസമയം, യെച്ചൂരി, യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ ഡല്‍ഹി പൊലീസ് നിഷേധിച്ചു. കുറ്റാരോപിതരായ വ്യക്തികള്‍ നടത്തിയ വെളിപ്പെടുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്കെതിരെ കുറ്റംചുമത്താനാകില്ല. ചിലരുടെ പേരുകള്‍ അവര്‍ പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുള്ളൂ എന്നാണ് വാര്‍ത്തകള്‍ക്ക് പിന്നാലെ പൊലീസ് വക്താവ് പ്രതികരിച്ചത്. വിഷയം നിലവില്‍ കോടതിയുടെ പരഗണനയിലാണെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍, ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഡല്‍ഹി പൊലീസിന്റെ നിയമവിരുദ്ധ നടപടികളെന്നാണ് വാര്‍ത്തയോട് സീതാറാം യെച്ചൂരി പ്രതികരിച്ചത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന സമാധാനപരമായ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘രാഷ്ട്രീയഅധികാരം ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താമെന്ന് അവര്‍ കരുതുന്നു. അടിയന്തരാവസ്ഥയെ നാം ചെറുത്തു ഇതിനെയും പരാജയപ്പെടുത്തു’. യെച്ചൂരി ട്വീറ്റ് ചെയ്തു. ബിജെപി സര്‍ക്കാരിന്റെ ഭീഷണിപ്പെടുത്തല്‍ വഴി പൗരത്വഭേദഗതി നിയമം പോലുള്ള വിവേചനപരമായ നിയമങ്ങള്‍ക്കെതിരായ പോരാട്ടം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ 56 പേരുടെ മരണത്തിനു കാരണമായ കലാപത്തിലേക്ക് നയിച്ച വിദ്വേഷപ്രസംഗങ്ങള്‍ രേഖയാണ്. ജെഎന്‍യുവില്‍ അക്രമത്തിനു നേതൃത്വം നല്‍കിയ വ്യക്തിയുടെ ദൃശ്യങ്ങളുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ഇതൊന്നും കാണുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു