X
    Categories: indiaNews

പ്രതിഷേധം ശക്തമായി; ഡല്‍ഹി കലാപക്കേസില്‍ യച്ചൂരിയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി യച്ചൂരിയെ പ്രതി ചേര്‍ത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ മലക്കം മറിഞ്ഞ് ഡല്‍ഹി പൊലീസ്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യച്ചൂരി അടക്കമുള്ളവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. പ്രതിയുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകള്‍ ഉള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം.

യച്ചൂരി അടക്കം പ്രമുഖരെ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ആക്ടിവിസ്റ്റ് അപൂര്‍വാനന്ദ് എന്നിവരുടെ പേരും അനുബന്ധ കുറ്റപത്രത്തിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം, പ്രതിപക്ഷ ശബ്ദങ്ങളെ അധികാര ദുര്‍വിനിയോഗം നടത്തി ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സീതാറാം യച്ചൂരി പ്രതികരിച്ചു. ഈ അടിയന്തരാവസ്ഥയെ പരാജയപ്പെടുത്തും. ഭീഷണിപ്പെടുത്താനുളള ബിജെപിയുടെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും പൗരത്വ നിയമം ഉള്‍പ്പടെയുള്ള വിവേചന നീക്കങ്ങളെ എതിര്‍ക്കുമെന്നും യച്ചൂരി ട്വീറ്റ് ചെയ്തിരുന്നു. യച്ചൂരിയെ പിന്തുണച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

 

chandrika: