ഡല്‍ഹി: ഡല്‍ഹിയില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്‌കരിച്ചു. സംഭവത്തില്‍ സംസ്‌കാരം നടത്തിയ ശ്മശാനത്തിലെ പുരോഹിതനുള്‍പ്പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നു.
ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയിലെ പുരാനാ നങ്കലിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ശ്മശാനത്തിലെ കൂളറില്‍നിന്ന് വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. വൈകുന്നേരം 6 മണിയോടെ, ശ്മശാനത്തിലെ പുരോഹിതനായ രാധേഷ്യം പെണ്‍കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടി മരിച്ച വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹവും കാണിച്ചുകൊടുത്തു.
പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ചുണ്ടുകള്‍ക്ക് നീല നിറമായിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹവുമായി കുടുംബം പുറത്തേക്കുകടക്കാന്‍ ശ്രമിച്ചെങ്കിലും നാലുപേരും ചേര്‍ന്ന് തടഞ്ഞു.
ശ്മശാനത്തിനു പുറത്തെത്തിയശേഷം കുടുംബം വിവരം പ്രദേശവാസികളെ അറിയിച്ചു. ഗ്രാമത്തിലെ ഇരുനൂറോളം ഗ്രാമവാസികള്‍ ശ്മശാനത്തില്‍ ഒത്തുകൂടുകയും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി സൗത്ത് വെസ്റ്റ് ജില്ലാ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതാപ് സിങ് പറഞ്ഞു.