ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായത്. കനത്ത മഴ കാരണം രാഷ്ട്രപതി ഭവനിലെ പരിപാടികള്‍ റദ്ദാക്കിയിരുന്നു.
മൂന്നു ദിവസത്തിലധികമായി ഡല്‍ഹിയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നു. വഴിയോര കടകളിലും അടിപ്പാതകളിലും വെള്ളം കയറിയത് കാല്‍ നടയാത്രക്കാരെയും കച്ചവടക്കാരെയും വലച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം 72 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് തലസ്ഥാനത്ത് ഇത്രയധികം മഴ ലഭിക്കുന്നത്.
മോഡി മില്‍ മേഖല, സൗത്ത് അവന്യു, ഭയ്‌റോണ്‍ മാര്‍ഗ്, ലാജ്പത് നഗര്‍, കേല ഘട്ട്, കശ്മീരി ഘട്ട് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഗതാഗതകുരുക്കിനെ കുറിച്ച് ഡല്‍ഹി പൊലീസ് സോഷ്യല്‍ മീഡിയയിലും മറ്റും മുന്നറിയിപ്പു നല്‍കുന്നുണ്ട്.
അടുത്ത ദിവസങ്ങളിലും ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴക്കും മേഘവിസ്‌ഫോടനത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ 16 പേര്‍ മരിക്കുകയും 12 പേര്‍ക്ക്് പരിക്കേല്‍ക്കുകയും ചെയ്തു. ഷാജഹാന്‍പൂരില്‍ ശനിയാഴ്ച വലിയ നാശനഷ്ടങ്ങളുണ്ടായി. ആറുപേരാണ് ഇടിമിന്നലേറ്റ് ഇവിടെ മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ സിതാപ്പൂര്‍ ജില്ലയിലുള്ളവരും മറ്റുള്ളവര്‍ ഓറിയ്യ, അമേത്തി, ലഖിംപുര്‍ ഖിരി, റായ് ബറേലി, ഉന്നാവോ എന്നിവിടങ്ങളിലുള്ളവരാണെന്നും ഉത്തര്‍പ്രദേശ് റിലീഫ് കമ്മീഷണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കനത്തമഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വലിയ തടാകം രൂപപ്പെട്ടു. ടെഹ്‌രി ഗര്‍വാള്‍ ഡെറാഡൂണ്‍ അതിര്‍ത്തിയിലാണ് തടാകമുണ്ടായത്. രൂപപ്പെട്ട തടാകത്തിന് 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുണ്ട്.