X

സി.പി.എമ്മിനുവേണ്ടിയോ ഡല്‍ഹി പൊലീസ്- എഡിറ്റോറിയല്‍

കേരളം മുഴുവന്‍ അലയടിച്ചുകൊണ്ടിരിക്കുന്ന ഒരു ജനകീയ പ്രക്ഷോഭത്തില്‍ സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ചതിനെതിരെ ഡല്‍ഹി പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് അവരെ തല്ലിച്ചതച്ച സംഭവം കാടത്തവും രാജ്യത്തിന് നാണക്കേടുമാണ്. മോദി-അമിത്ഷാമാര്‍ നാട് ഭരിക്കുമ്പോള്‍ പൗരന്മാരുടെ നേര്‍ക്ക് മുമ്പ് പലവിധത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വ്യാഴാഴ്ച ഡല്‍ഹിയിലെ വിജയ്ചൗക്കിന് സമീപം നടന്നതുപോലൊരു അഴിഞ്ഞാട്ടം രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കാനെത്തിയ 12 യു.ഡി.എഫ് എം.പിമാരെയാണ് അമിത്ഷായുടെ പൊലീസും സുരക്ഷാസേനാംഗങ്ങളും ചേര്‍ന്ന് കായികമായി കൈകാര്യംചെയ്തത്. കേരളത്തിലെ സി.പി.എം സര്‍ക്കാരിനുവേണ്ടിയാണ് ബി.ജെ.പിയുടെ പൊലീസ് ഈ കിരാത നടപടി അഴിച്ചുവിട്ടത്. അന്നുതന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കകത്ത് ബി.ജെ.പിക്കാരെ കല്ലിടാന്‍ അനുവദിച്ചതുകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ബി.ജെ.പി-സി.പി.എം ‘ഭായിഭായി’ വ്യക്തമാകും. മോദി കാലത്ത് ജനങ്ങള്‍ക്ക് മാത്രമല്ല, ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നായ പാര്‍ലമെന്റിലെ ജനപ്രതിനിധികള്‍ക്കുനേരെ പോലും ഇത്ര മ്ലേച്ഛമായി പൊലീസ് മര്‍ദനം അഴിച്ചുവിട്ടതിനെ എന്തുപറഞ്ഞാണ് ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും ന്യായീകരിക്കാനാകുക? യാതൊന്നുമില്ലെന്നതിന് തെളിവാണ് വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിച്ചിട്ടുപോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിശദീകരണം ഇല്ലാതെപോയത്.

പാര്‍ലമെന്റിലെ യു.ഡി.എഫ് അംഗങ്ങള്‍ വ്യാഴാഴ്ച രാവിലെ 10.45 ഓടുകൂടിയാണ് കെ റെയിലെനിതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ പാര്‍ലമെന്റിന് സമീപമുള്ള വിജയ്ചൗക്കില്‍ സമ്മേളിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. പദ്ധതിക്ക് അനുമതിതേടി കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്ന സമയം കൂടിയായിരുന്നു അത്. രാജ്യതലസ്ഥാനമെന്നതുപോലെതന്നെ വിവിധ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ സമരഭൂമികൂടിയാണ് ന്യൂഡല്‍ഹി. രാംലീലമൈതാനത്തും വിജയ്ചൗക്കിലും ജന്തര്‍മന്ദിറിലും ഗാന്ധിപ്രതിമക്കുമുന്നിലും മറ്റുമാണ് സാധാരണയായി ഇത്തരം പ്രതിഷേധ പരിപാടികള്‍ അരങ്ങേറാറ.് രാജ്യത്തിനകത്ത് എവിടെയും സംഘംചേരാനും പ്രതിഷേധം പ്രകടിപ്പിക്കാനും ഭരണഘടനാപരമായിതന്നെ ഓരോ പൗരനും അവകാശമുണ്ടായിരിക്കവെ ജനപ്രതിനിധികള്‍ അവിടെ മുദ്രാവാക്യം മുഴക്കുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തതില്‍ യാതൊരു അനൗചിത്യവുമില്ല. നിരവധി രക്തരൂക്ഷിതമടക്കമുള്ള സമരപ്രക്ഷോഭങ്ങള്‍ക്ക് വേദിയായതാണ് ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ്പരിസരം. അതാകട്ടെ സര്‍ക്കാരുകളെ തിരുത്തുന്നതിനുള്ള ജനങ്ങളുടെ ദ്വിതീയോപാധിയാണ്. ജനാധിപത്യത്തില്‍ വോട്ടിലൂടെയാണ് തങ്ങളുടെ വികാരവിചാരങ്ങള്‍ ജനങ്ങള്‍ പ്രകടിപ്പിക്കാറെങ്കിലും ഒരു ഭരണകൂടം അധികാരത്തിലേറിയാല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ജനങ്ങളുടെ മുന്നില്‍ നിലവിലെ സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും തിരുത്താനും ഇതര ഉപാധികളില്ല. അതുമാത്രമാണ്പാര്‍ലമെന്റംഗങ്ങളും ചെയതത്. കേരളവുമായി ബന്ധപ്പെട്ടും ഇതര സംസ്ഥാനങ്ങളുടെ വിഷയങ്ങളിന്മേലും അതത് സംസ്ഥാനത്തെ ജനപ്രതിനിധികള്‍ ന്യൂഡല്‍ഹിയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അതില്‍ കേരളത്തില്‍നിന്ന് മുമ്പ് ഇരുമുന്നണിയിലെയും എം.പിമാര്‍ ഒരുമിച്ച് പങ്കെടുത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. അടുത്തിടെയാണ് പാര്‍ലമെന്റില്‍ ബി.ജെ.പി സര്‍ക്കാര്‍ ഏകപക്ഷീയമായി പാസാക്കിയ കാര്‍ഷിക ബന്ധ കരിനിയമങ്ങള്‍ക്കെതിരെ കര്‍ഷക സഹസ്രങ്ങള്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കൊടുങ്കാറ്റ് അഴിച്ചുവിട്ടത്. ഇതിന്റെ ഫലമായി ഈ മൂന്നു കരിനിയമങ്ങളും പിന്‍വലിക്കാന്‍ മോദിസര്‍ക്കാര്‍ തയ്യാറാവുകയും ചെയ്തു. ജനാധിപത്യത്തില്‍ സമരങ്ങളും സാംഗത്യവും പ്രസക്തിയുമാണ് ഇത് വ്യക്തമാക്കുന്നത്.

ഇവിടെ വ്യാഴാഴ്ചത്തെ അനുഭവം ഇന്ത്യയുടെ ചരിത്രത്തിലിതുവരെയുണ്ടാകാത്തതാണെന്നാണ് പ്രശ്‌നം വിലയിരുത്തിക്കൊണ്ട് മുസ്്‌ലിംലീഗ് എം.പിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഇ.ടി മുഹമ്മദ്ബഷീര്‍ അഭിപ്രായപ്പെട്ടത്. ശരിയാണ്, ഇന്ത്യയിലെന്നല്ല, ലോകത്ത് ഇന്ന് ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നുംതന്നെ ഇത്തരത്തില്‍ ജനാധിപത്യത്തിന്റെ മുഖത്തടിച്ച് ചരിത്രമില്ല. രമ്യാഹരിദാസ് എം.പിയെ പോലും വനിതയെന്ന പരിഗണനയില്ലാതെയാണ് അമിത്ഷായുടെ പുരുഷ പൊലീസ് കായികമായി നേരിട്ടത്. എറണാകുളം എം.പി ഹൈബി ഈഡന് മുഖത്തടിയേറ്റു, ഇ.ടി മുഹമ്മദ് ബഷീര്‍, വി.കെ ശ്രീകണ്ഠന്‍, ടി.എന്‍ പ്രതാപന്‍ തുടങ്ങിയവരെ എം.പിയാണെന്നറിഞ്ഞിട്ടുപോലും മര്‍ദിക്കാന്‍ പൊലീസ് തയ്യാറായി. രാജ്യത്ത് ഡല്‍ഹി പൊലീസും യു.പി പൊലീസുമെല്ലാം ബി. ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും സ്വഭാവം പേറുന്നതാണെന്ന് പരാതിക്ക് പഴക്കമേറെയുണ്ട്. ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മുഖ്യമന്ത്രിയെവരെ അദ്ദേഹത്തിന്റെ ഓഫീസില്‍ കയറി കാരണമില്ലാതെ രാഷ്ട്രീയം കളിച്ച പൊലീസാണ് ഡല്‍ഹിയിലേത്. അതുകൊണ്ടുതന്നെയാണ് ജനങ്ങള്‍ മൂന്നു തവണ അധികാരം നിഷേധിച്ചിട്ടും ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ഡല്‍ഹി പൊലീസിനെ കുട്ടിക്കുരങ്ങനെപോലെ കൊണ്ടുനടക്കാന്‍ താല്‍പര്യപ്പെടുന്നത്. ഇവര്‍ക്ക് ഓശാന പാടുകയാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാരെന്നത് ലജ്ജാകരംതന്നെ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണെന്ന പദവിയുംപേറിയാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയുമെല്ലാം ലോകരാജ്യങ്ങളിലെ നേതാക്കളോടും ജനതകളോടും സംവദിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യം തീരെ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയതായി വിവിധ പഠനങ്ങളിലൂടെ ഇതിനകം വ്യക്തമായതാണ്. മോദിയുടെ അധികാരാരോഹണത്തിന് ശേഷമാണിത്. മാധ്യമസ്വാതന്ത്ര്യത്തില്‍ 142-ാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഏകാധിപത്യ പ്രവണത ഏറിവരികയാണെന്ന് അടുത്തിടെയാണ് അന്താരാഷ്ട്ര സംഘടനയായ വി.ഡെം വിവരം പുറത്തുവിട്ടത്. വ്യാഴാഴ്ചത്തെ സംഭവത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരംകാടത്തങ്ങള്‍ തങ്ങള്‍ക്കെതിരെയും ആവര്‍ത്തിക്കുമെന്ന് അധികാരികള്‍ ഓര്‍ക്കുന്നത് നന്ന്.

Test User: