X

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: ഹിമാചലില്‍ മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഹിമാചല്‍ പ്രദേശില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഉനയിലെ സ്വകാര്യസ്‌കൂളിലെ പരീക്ഷാ സെന്റര്‍ സുപ്രണ്ടന്റ് രാകേഷ്, ക്ലര്‍ക്ക് അമിത്, പ്യൂണ്‍ അശോക് എന്നിവരാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ചോദ്യം ചെയ്യലിനായി മൂവരെയും ഡല്‍ഹിയിലെത്തിച്ചു. പന്ത്രണ്ടാം ക്ലാസിലെ ഇക്കോണോമിക്‌സ് പരീക്ഷയുടെ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥിയെ ഉപയോഗിച്ച് വെള്ളപേപ്പറിലേക്കു പകര്‍ത്തുകയും ക്ലര്‍ക്ക് വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തതായും ചോദ്യപേപ്പര്‍ 20 വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ എത്തിയതായും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. സൂപ്രണ്ടന്റിനു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് സ്വകാര്യ സ്‌കൂളിലെ അധ്യാപകരായ ഋഷഭ്, രോഹിത് എന്നിവരും സ്വകാര്യ കോച്ചിങ് സെന്ററിലെ ജീവനക്കാരായ തൗക്വീര്‍ എന്നിവരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച് 27നാണു ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ചു ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതിഷേധം ശക്തമായതോടെ ഏപ്രില്‍ ഒന്നിന് ഒരു സി.ബി.എസ്.ഇ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നു രാജ്യമെമ്പാടും പന്ത്രണ്ടാം ക്ലാസിലെ ഇക്കോണോമിക്‌സ് പരീക്ഷ മാറ്റിവച്ചിരുന്നു. ഈമാസം 25നാണ് പുനഃപരീക്ഷ.

chandrika: