X
    Categories: indiaNews

ഡല്‍ഹി വംശഹത്യ: സീതാറാം യെച്ചൂരിയെ പ്രതിചേര്‍ക്കാന്‍ ഡല്‍ഹി പൊലീസിന്റെ ആസൂത്രിത നീക്കം

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമവുമായി ഡല്‍ഹി പൊലീസ്. അനുബന്ധ കുറ്റപത്രത്തിലാണ് പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

സീതാറാം യെച്ചൂരിയ്ക്ക് പുറമെ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദന്‍ ജയതി ഘോഷ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെ പേരുകളാണ് അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് യെച്ചൂരി പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുന്നു. നിശബ്ദമാക്കാന്‍ ശ്രമിച്ചാലും പൗരത്വ നിയമ ഭേദഗതി പോലുള്ളവയെ ഇനിയും ശക്തമായി എതിര്‍ക്കും. ചോദ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുന്നു. ചോദ്യങ്ങളെ ഭയപ്പോലെടുന്നതിനാലാണ് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്താത്തതും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കാത്തത്. അധികാരം ഉപയോഗിച്ചു പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാനുള നീക്കം അനുവദിക്കാന്‍ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു.

ഷഹീന്‍ ബാഗ് അടക്കമുള്ള പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ആസൂത്രിതമായി കലാപം നടത്തിയത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി നേതാവ് കപില്‍ മിശ്ര തുടങ്ങിയവരുടെ ആഹ്വാനപ്രകാരമായിരുന്നു സംഘപരിവാര്‍ തീവ്രവാദികള്‍ ഡല്‍ഹിയില്‍ അഴിഞ്ഞാടിയത്. എന്നാല്‍ കലാപത്തെക്കുറിച്ച് അന്വേഷിച്ച ഡല്‍ഹി പൊലീസ് അന്വേഷണം വഴിതിരിച്ചുവിട്ട് കുറ്റം മുഴുവന്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭകരുടെ മേല്‍ ചാര്‍ത്തുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷ നേതാക്കളെ പ്രതി ചേര്‍ക്കാനുള്ള നീക്കം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: