ഡല്‍ഹി: അയല്‍വാസിയായ വയോധികയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി അഴുക്കുചാലില്‍ വലിച്ചെറിഞ്ഞ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ നജഫ്ഗര്‍ഹിലാണ് സംഭവം. ഇവന്റ് മാനേജ്‌മെന്റ് ജോലിക്കാരനായ അനില്‍ ആര്യയും ഭാര്യയുമാണ് അറസ്റ്റിലായത്.
അയല്‍വാസി കവിതയില്‍ (72) നിന്ന് അനില്‍ ആര്യ 1.5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ജൂണ്‍ 30ന് രാത്രി കവിത പണം തിരികെ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ അനില്‍ ആര്യയും ഭാര്യയും ചേര്‍ന്ന് കവിതയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കവിത വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കവിതയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം മൂന്ന് കഷണങ്ങളായി മുറിച്ച് മൂന്ന് ബാഗുകളിലാക്കി നജഫ്ഗര്‍ഹിലെ അഴുക്കുചാലില്‍ എറിഞ്ഞതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സന്തോഷ് കുമാര്‍ മീന പറഞ്ഞു.
കൃത്യം നടത്തിയ ജൂണ്‍ 30 ന് രാത്രി 9 മുതല്‍ പിറ്റേന്ന് രാവിലെ 5 വരെ ദമ്പതികള്‍ കവിതയുടെ വീട്ടിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രക്തം കഴുകി വൃത്തിയാക്കാനായിരുന്നു അവിടെ സമയം ചെലവഴിച്ചത്. മൃതദേഹം അഴുക്കുചാലില്‍ എറിയുന്നതിനുമുന്‍പ് കവിത അണിഞ്ഞിരുന്ന ആഭരണങ്ങളും കൈക്കലാക്കി.
കവിതയെ കാണാതായതായും വീട് പൂട്ടിയിരിക്കുകയാണെന്നും പറഞ്ഞ് ജൂലൈ 3ന് മരുമകള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ജൂലൈ 7ന് കവിതയുടെ അയല്‍ക്കാരെയും കാണാനില്ലെന്ന് അവര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്ന് ദമ്പതികളെ അറസ്റ്റു ചെയ്തു.