മുംബൈ: രാജ്യത്തെ ഗതാഗതം സുഗമമാക്കുന്ന പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഡല്‍ഹി-മുംബൈ ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് ഹൈവേക്കു വേണ്ടി ജനങ്ങള്‍ കാത്തിരിക്കുന്നത്. വരാനിരിക്കുന്ന ഈ എക്‌സ്പ്രസ് ഹൈവേ 2024 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് ഹൈവേയാണ്.
രണ്ട് പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധപ്പെടുത്തുന്നതാണ് ഈ ഹൈവേയുടെ പ്രധാനപ്പെട്ട സവിശേഷത. 1,200 കിലോമീറ്ററിലധികം നീളമുള്ള എക്‌സ്പ്രസ് ഹൈവേയില്‍ ഉള്‍പ്പെടുന്ന പരിസ്ഥിതിയെയും വന്യജീവി വിഭാഗത്തെയും ശല്യപ്പെടുത്താത്ത രീതിയിലായിരിക്കും ഹൈവേയുടെ രൂപകല്‍പ്പന. ഡല്‍ഹി-മുംബൈ ഹൈവേയില്‍ വന്യമൃഗങ്ങളെ സംരക്ഷിക്കുന്ന അഞ്ചിടങ്ങളുണ്ടായിരിക്കും. ഈ എക്‌സ്പ്രസ് ഹൈവേയിലാണ് ഇന്ത്യയിലെ ആദ്യത്തെ അനിമല്‍ പാലം. വന്യജീവികള്‍ക്ക് സുരക്ഷിതമായി പോകാന്‍ നെതര്‍ലാന്‍ഡിലെ ‘അനിമല്‍ ബ്രിഡ്ജുകള്‍’ പോലെയായിരിക്കും ഇവ. രാജസ്ഥാനിലെ രണ്‍തമ്പോര്‍, മുകുന്ദ്ര വന്യജീവി സങ്കേതങ്ങളെ ബന്ധിപ്പിക്കുന്ന രണ്‍തമ്പോര്‍ വന്യജീവി ഇടനാഴിയില്‍ ഇത്തരത്തിലുള്ള പാലങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വന്യജീവി ക്രോസിംഗുകള്‍ ജീവികളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതാണ് ലക്ഷ്യമിടുന്നത്. വാഹനങ്ങളും മൃഗങ്ങളും തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനും അവ സഹായിക്കും.
ഡല്‍ഹി-മുംബൈ ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിലവില്‍ വരുന്നതോടെ 1415.4 കിലോമീറ്റര്‍ 1275 കിലോമീറ്റര്‍ ആയി കുറയുമെന്ന് മാത്രമല്ല, യാത്രാസമയം 11 മണിക്കൂര്‍ ആയി കുറയുകയും ചെയ്യും. കൂടാതെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലും ഈ പാതയിലൂടെ സഞ്ചരിക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.