X
    Categories: MoreViews

മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ഡല്‍ഹി തൂത്തുവാരി ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍(എം.സി.ഡി) ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. നേരത്തെ പുറത്തായ അഭിപ്രായ സര്‍വെ ഫലങ്ങളെ ശരിവെച്ചന്നോണം തെക്ക്, കിഴക്ക്, വടക്കന്‍ ഡല്‍ഹി(മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍)കളിലും ഫലത്തില്‍ ബി.ജെ.പി മികച്ച വിജയത്തിലേക്കാണ് നീങ്ങുന്നത്.

കോര്‍പറേഷനുകളില്‍ ഇതര പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപിയുടെ വിജയം. വന്‍ പ്രതീക്ഷയോടെ ഇറങ്ങിയ ആം ആദ്മി വടക്ക് തെക്ക് ഡല്‍ഹിയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും കിഴക്കന്‍ ഡല്‍ഹില്‍ കോണ്‍ഗ്രസിന്റെ പിന്നില്‍ മൂന്നാം സ്ഥാനത്താണ്.

അതേസമയം ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി നാല്‍പതിലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. മൂന്നു മുന്‍സിപ്പലുകളിലായി 272 വാര്‍ഡുകളാണുള്ളത്. എന്നാല്‍ ഇതില്‍ ഇരുനൂറോളം വാര്‍ഡുകളിലും ബിജെപിയാണ് മുന്നേറുന്നത്.

തെക്ക്, വടക്ക് എംസിഡികളില്‍ 104 വീതവും കിഴക്കന്‍ ഡല്‍ഹി എം.സിഡിയില്‍ 64 വാര്‍ഡുകളുമാണുള്ളത്. 10 വര്‍ഷമായി ഡല്‍ഹിയിലെ മൂന്നു എം.സി.ഡികളും ഭരിക്കുന്നത് ബി.ജെ.പിയാണ്.

രണ്ട് വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഇതാദ്യമായാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ മത്സരിക്കുന്നത്.
അതേസമയം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനിനെതിരെ ആരോപണവുമായി ആപ്പ് രംഗത്തെത്തി. ഡല്‍ഹിയില്‍ മോദി തരംഗമില്ലെന്നും ഇ.വി.എം(ഇലക്ട്രോണിക് വോട്ടിംങ് മെഷീന്‍)തരംഗമാണെന്നുമാണ് ആംആദ്മി ഉയര്‍ത്തുന്ന വാദം.

chandrika: