കെ.പി ജലീല്‍
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സി.ബി.ഐ നടപടി രാഷ്ട്രീയപ്രേരിതമോ? ഈ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ എന്താണ് ഡല്‍ഹിസര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം എന്ന് നോക്കണം. ഡല്‍ഹി സര്‍ക്കാര്‍ ആം ആദ്മി പാര്‍ട്ടിയുടേതാണ്. ഇവരാകട്ടെ ബി.ജെ.പിയുടെ കടുത്ത വിമര്‍ശകരും. പഞ്ചാബില്‍ അടുത്തിടെ സര്‍ക്കാര്‍ രീപീകരിച്ചത് ബി.ജെ.പിക്ക് കനത്ത അടിയായി. ലെഫ്. ഗവര്‍ണര്‍മാരെ വെച്ച് ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിനെയും മുഖ്യമന്ത്രിയും പാര്‍ട്ടിതലവനുമായ അരവിന്ദ് കെജ് രിവാളിനെയും പൂട്ടാന്‍ പലതവണ ബി.ജെ.പിയും മോദിയും ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഏറ്റവുമൊടുവില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കനത്തതിരിച്ചടിയാണ് നേരിട്ടത്.
ഇവിടെയാണ് ആം ആദ്മി പാര്‍ട്ടിയുടെ രണ്ടാമനെതിരെ ബി.ജെ.പി നീങ്ങുന്നത്. മദ്യനയത്തില്‍ കാതലായമാറ്റം വരുത്തിയതാണ് ഡല്‍ഹിയിലെ മദ്യനയത്തിലെ കാതലായ വശം. സര്‍ക്കാര്‍ നേരിട്ടാണ് എല്ലാ സംസ്ഥാനങ്ങളിലും മദ്യം വില്‍ക്കുന്നതെങ്കില്‍ ഡല്‍ഹി മദ്യനയത്തില്‍ വരുത്തിയ മാറ്റം അവ വില്‍ക്കുന്നതിനുള്ള അധികാരം സ്വകാര്യബാറുടമകള്‍ക്ക് നല്‍കിയതാണ്. ഇതിലൂടെ പതിനായിരം കോടിയോളം രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിട്ടത്. സര്‍ക്കാരിന്റെ പങ്കാളിത്തം കുറച്ച് ഖജനാവിന് നേട്ടമുണ്ടാക്കുകയാണ് മദ്യനയം ലക്ഷ്യമിട്ടത്. സ്വകാര്യവ്യക്തികളെ മദ്യം വില്‍ക്കാനും ലാഭമുണ്ടാക്കാനും അനുവദിക്കുന്നത് ദേശീയമദ്യനയത്തിന് എതിരാണെന്നാണ് പക്ഷേ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കെജ് രിവാളും പാര്‍ട്ടിയും പറയുന്നത് തങ്ങള്‍ സുതാര്യമായാണ് നയം രൂപീകരിച്ചതെന്നാണ്.
സ്വകാര്യമദ്യമുതലാളിമാരില്‍നിന്ന് പണം വാങ്ങിയാണ് ഗോവയില്‍ ആപ്പ് തെരഞ്ഞെടുപ്പിന് ചെലവഴിച്ചതെന്ന ആരോപണവും ബി.ജെ.പി ഉന്നയിക്കുന്നു. തെലുങ്കാന മുഖ്യമന്ത്രിയെയും ബി.ജെ.പി ലക്ഷ്യമിട്ടതിന്റെ തെളിവാണ് ഈ കേസില്‍തന്നെ അദ്ദേഹത്തിന്റെ മകളുടെ അക്കൗണ്ടന്റിനെയും അറസ്റ്റ് ചെയ്തത്. ദക്ഷിണേന്ത്യന്‍ മദ്യലോബിയാണ് ഈ നയത്തിന ്പിന്നിലെന്നാണ് കേന്ദ്രം പറയുന്നത്.
മദ്യനയംഇതുവരെയും നടപ്പാക്കിയിട്ടില്ല എന്നതാണ് ഇതിലെ കൗതുകകരമായ കാര്യം. സര്‍ക്കാരിനോ വ്യക്തികള്‍ക്കോ ഇതില്‍ യാതൊരു നഷ്ടവും ഉണ്ടായിട്ടുമില്ല. അതാണ് കേന്ദ്രത്തിന്റെയും സിബി.ഐയുടെയും വാദത്തെ ദുര്‍ബലമാക്കുന്നത്.
രാഷ്ട്രീയ പകപോക്കലാണെന്ന് കെജ് രിവാള്‍ പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ കഴിയുന്നതും കേസിന് കാരണമായ നയത്തിലൂടെ ആര്ക്കും നഷ്ടമുണ്ടായിട്ടില്ല എന്നതാണ്. ഏതായാലും സിസോദിയയുടെ അറസ്റ്റിലൂടെ വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ഡല്‍ഹിയില്‍ പ്രചാരണത്തിനൊരു വിഷയം ബി.ജെ.പിക്ക് ലഭിക്കും.മാത്രമല്ല, ആം ആദ്മിയുടെ രണ്ടാമത്തെ വലിയ നേതാവിനെ ദീര്‍ഘകാലത്തേക്ക് അകത്തിടാനായാല്‍ ആ പാര്‍ട്ടിയുടെ തന്ത്രങ്ങളുടെ മുനയൊടിക്കാനും ബി.ജെ.പിക്കും മോദിക്കും കഴിയും. ഇതാണ് മൊത്തത്തില്‍ മദ്യനയക്കേസ്.