യു.പിക്ക് പിന്നാലെ ഡല്‍ഹിയിലെ സ്‌കൂളിലും അധ്യാപിക മുസ്‌ലിം വിദ്യാര്‍ഥികളെ അധിക്ഷേപിച്ചതായി പരാതി. ഗാന്ധി നഗര്‍ ഏരിയയിലെ സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് വിദ്യാര്‍ഥിയുടെ മാതാവ് പരാതി നല്‍കിയത്. മതപരമായ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി. ‘എന്താണ് നിങ്ങള്‍ പാകിസ്താനില്‍ പോകാതിരുന്നത് എന്ന് മുസ് ലിം വിദ്യാര്‍ഥികളോട് അധ്യാപിക ചോദിച്ചതായും പരാതിയില്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡിസിപി ഷഹ്ദര രോഹിത് മീണ പറഞ്ഞു. ഗാന്ധി നഗര്‍ എം.എല്‍.എ അനില്‍ കുമാര്‍ ബാജ്‌പേയ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണ് ഇത് തീര്‍ത്തും തെറ്റാണ്. ഒരു അധ്യാപകന്‍ ഒരു മതവിശ്വാസത്തിനെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുത്.’ പിടിഐ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ സഹപാഠികളെ കൊണ്ട് മുസ്‌ലിം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച വാര്‍ത്തക്ക് പിന്നാലെയാണ് ഡല്‍ഹി സംഭവവും. അതേസമയം അടിയേറ്റ കുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. ഷാപൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കാണ് മാറ്റിയത്. കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് അറിയിച്ചു.