ന്യൂഡല്‍ഹി: ഗവണറുടെ വസതിയില്‍ ആറു ദിവസമായി കുത്തിയിരിപ്പു സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു പിന്തുണയുമായി നാലു മുഖ്യമന്ത്രിമാര്‍ കേജരിവാളിന്റെ വസതിയിലെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് കെജരിവാളിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയത്.
സര്‍ക്കാറിനോടുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കെജരിവാള്‍ ഗവറണറുടെ വസതിയായ രാജ്‌നിവാസില്‍ കുത്തിയിരിപ്പു സമരം ചെയ്യുന്നത്.
മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ് എന്നീ മന്ത്രിമാരും കെജരിവാളിനൊപ്പം കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്.
കെജരിവാളിന് രാജ്‌നിവാസില്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി നാലു മുഖ്യമന്ത്രിമാരും ഗവര്‍ണര്‍ അനില്‍ ബൈജാലിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് കെജരിവാളിന്റെ വസതിയില്‍ നാലു മുഖ്യമന്ത്രിമാരും എത്തിയത്.
മോദി സര്‍ക്കാറിന്റെ നിലപാടാണ് ഡല്‍ഹിയിലെ നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫെഡറല്‍ സംവിധാനത്തിന് കടിഞ്ഞാണിടാനുള്ള കേന്ദ്രത്തിന്റെ ശ്രമം രാജ്യത്തിനു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡല്‍ഹിയിലേത് ഭരണഘടനാ പ്രതിസന്ധിയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. സര്‍ക്കാറിനും സാധാരണക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
അതേസമയം, സര്‍ക്കാറിനെ സുഗമമായി പ്രവര്‍ത്തിക്കാന്‍ ലെഫ്.ഗവര്‍ണര്‍ അനുവദിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.