ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ച 17 പേരില്‍ മലയാളിയായ അമ്മയും രണ്ട് മക്കളും. ചോറ്റാനിക്കര ചേരാനല്ലൂര്‍ സ്വദേശി നളിനി മക്കളായ ജയശ്രീ(48 ), വിദ്യാസാഗര്‍ എന്നിവരാണ് മരിച്ചത്. കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 4.30നാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 13 അംഗ മലയാളി സംഘം ഹോട്ടലിലുണ്ടായിരുന്നു. ഇതില്‍ 10 പേര്‍ സുരക്ഷിതരാണന്ന് റിപ്പോര്‍ട്ടുണ്ട്.
ഹോട്ടലില്‍ കുടുങ്ങിയവരില്‍ 35 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപടര്‍ന്നത്. ഈ സമയം 60 ലധികം പേരാണ് ഹോട്ടലിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് സുരക്ഷാ സേന എത്തുമ്പോഴേക്ക് തീ പടര്‍ന്നിരുന്നതായി ഡല്‍ഹി അഗ്‌നിശമന സേനാ ഡയറക്ടര്‍ ജി.സി മിശ്ര അറിയിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. സംഭവമറിഞ്ഞയുടന്‍ 20 ലേറെ ഫയര്‍ എന്‍ജിനുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ആളുകളെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിച്ചു. ഏതാണ്ട് 60-ഓളം പേര്‍ സംഭവത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് സംഘം ഹോട്ടലിലെത്തിയത്. മരിച്ച നളിനിയും മക്കളും നാല് ദിവസം മുമ്പാണ് കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചത്. ജയശ്രീയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വിദേശത്താണ്. മക്കളിലൊരാള്‍ നാട്ടിലും മറ്റൊരാള്‍ ബംഗളൂരുവിലുമാണ്. ചോറ്റാനിക്കരയിലെ വീട്ടില്‍ പൊലീസ് എത്തിയിട്ടുണ്ട്.