ന്യൂഡല്‍ഹി: വാളും വെട്ടുകത്തിയുമായി ആശുപത്രിയില്‍ പരസ്പരം പോരാടിയ നൈജീരിയക്കാര്‍ തലസ്ഥാന നഗരിയില്‍ ഭീതി പരത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രി ജീവനക്കാരെയും രോഗികളെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ സംഭവങ്ങള്‍ ഡല്‍ഹി സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ അരങ്ങേറിയത്.
പുലര്‍ച്ചെ നാലു മണിയോടെ, പരിക്കേറ്റ ചില ആഫ്രിക്കന്‍ വംശജര്‍ ചികിത്സ തേടിയെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇവര്‍ക്ക് ചികിത്സ നല്‍കുന്നതിനിടെ, എതിര്‍ സംഘത്തില്‍പ്പെട്ട ഒരാള്‍ ഓട്ടോയില്‍ വന്നിറങ്ങുകയും ആശുപത്രിയിലേക്ക് തള്ളിക്കയറുകയും ചെയ്തു. പരിക്കേറ്റ് എത്തിയവരുടെ സുഹൃത്തുക്കള്‍ ഇയാളെ തടയാന്‍ ശ്രമിച്ചത് റിസപ്ഷനില്‍ കൈയാങ്കളിക്കിടയാക്കി. ഇരുകൂട്ടരും പരസ്പരം തള്ളുന്നതിനിടെ ചിലര്‍ വടിവാളും വെട്ടുകത്തിയും വീശി.
നൈജീരിയക്കാരുടെ അക്രമത്തിനിടെ ആശുപത്രിയുടെ വാതിലുകളും ചില്ലുകളും തകര്‍ന്നു. പേടിച്ചരണ്ട ആശുപത്രി ജീവനക്കാര്‍ മുറിയില്‍ കയറി വാതിലടക്കുകയും രോഗികളെ അഡ്മിറ്റ് ചെയ്ത മുകള്‍നിലയിലേക്കുള്ള വാതില്‍ പൂട്ടുകയും ചെയ്തു. അക്രമികളെ തടയാന്‍ വന്ന ഗാര്‍ഡിന് മര്‍ദനമേറ്റു.
ആശുപത്രി അധികൃതര്‍ വിവരമറിയിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തും മുമ്പ് അക്രമികള്‍ രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.