ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്. യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തിയത് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച 3 അംഗ ആഭ്യന്തര അന്വേഷണസമിതി ഉടൻ നടപടികൾ ആരംഭിക്കും.
സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം. ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.
അതേസമയം, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടും യശ്വന്ത് വർമ്മയുടെ വിശദീകരണവും പരിശോധിച്ച ശേഷം വസതിയിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തനാണ് തീരുമാനം. പൊലീസും വർമ്മയും നൽകിയ വിവരങ്ങളിലുള്ള വൈരുദ്ധ്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും.
14 ന് രാത്രി 11.30 ഓടെ പണം കേണ്ടത്തിയെങ്കിലും, അടുത്ത ദിവസം വൈകീട്ട് 4.30 ഓടെ മാത്രമാണ് പൊലീസ് വിവരം ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. മാത്രമല്ല പൊലീസ് രേഖകളിൽ എവിടെയും പണം കണ്ടെത്തിയ കാര്യം പരാമർശിച്ചിട്ടില്ല.