ഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നല്‍കിയ പരാതിയില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്.
കേസില്‍ സമാന്തര വിചാരണ വേണ്ടെന്ന് കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് മുക്ത ഗുപ്ത പറഞ്ഞു. വിചാരണ നടന്നു കൊണ്ടിരിക്കുന്ന കേസില്‍ ഒരാളെ കുറ്റക്കാരനെന്നു വിളിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
ശശി തരൂരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും സുനന്ദ കൊല്ലപ്പെട്ടതാണ് എന്ന അവാസ്തവമായ കാര്യങ്ങളാണ് അര്‍ണബ് പറയുന്നത് എന്ന് സിബല്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതു പോലെയാണ് അര്‍ണബ് പെരുമാറുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സുനന്ദ കൊല്ലപ്പെട്ടതാണ് എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ഗോസ്വാമിക്ക് വേണ്ടി ഹാജരായ മാളവിക ത്രിവേദി വാദിച്ചു. എയിംസ് ഡോക്ടറില്‍ നിന്നാണ് തെളിവു കിട്ടിയത് എന്നും അവര്‍ പറഞ്ഞു.