ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈകോടതി. ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം.
ഇടക്കാല ജാമ്യം വ്യവസ്ഥകള്‍ക്ക് വിധേയമാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് വ്യക്തമാക്കി. ഉമര്‍ ഖാലിദിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസും ഡല്‍ഹി പൊലീസിന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദും ഹാജരായി.
2020ലെ ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രില്‍ 22നാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയത്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റവും കൊലപാതക ശ്രമവും അടക്കം 18 വകുപ്പുകളാണ് ചുമത്തിയിരുന്നത്.