ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗത്തിനെതിരെ ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. രാജ്യത്തിന്റെ പ്രധാനമന്ത്രി മുസ്‌ലിം മതവിശ്വാസിയായാല്‍ ഹിന്ദുക്കള്‍ മതം മാറ്റത്തിന് നിര്‍ബന്ധിതരാകുമെന്നും കൊലചെയ്യപ്പെടുമെന്നും ഇയാള്‍ പ്രസംഗിച്ചിരുന്നു.
ഡല്‍ഹിയില്‍ ഞായറാഴ്ച നടന്ന ഹിന്ദു മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിദ്വേഷ പരാമര്‍ശം. 2039ഓടെ രാജ്യത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുസ്‌ലിം മതസ്ഥന്‍ നാമകരണം ചെയ്യപ്പെടും. അങ്ങനെ മുസ്‌ലിം മതസ്ഥനായ പ്രധാനമന്ത്രി അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഹിന്ദുക്കളില്‍ 50 ശതമാനം പേരും മതം മാറ്റപ്പെടും. 40 ശതമാനം പേര്‍ കൊല്ലപ്പെടും.
അവശേഷിക്കുന്ന പത്ത് ശതമാനം നാടുകടത്തപ്പെടുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡല്‍ഹി പൊലീസ് യതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഞായറാഴ്ച നടന്ന ഹിന്ദു മഹാപഞ്ചായത്തിനെതിരെ ഇതുവരെ മൂന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സേവ് ഇന്ത്യ ഫൗണ്ടേഷന്‍’ ബാനറിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടും പരിപാടി നടത്തുകയായിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഏഴ് മാധ്യമപ്രവര്‍ത്തകരെയും സംഘം ആക്രമിച്ചിരുന്നു. ആക്രമിക്കപ്പെട്ടവരില്‍ നാലുപേര്‍ മുസ്‌ലിം മതസ്ഥരാണ്. മതത്തിന്റെ പോരില്‍ ഇവരെ ആക്രമിച്ചെന്നാണ് നിഗമനം. ആര്‍ട്ടിക്കിള്‍ 14ന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫ്രീലാന്‍സ് ജേണലിസ്റ്റ് അര്‍ബാബ് അലി, ഹിന്ദുസ്ഥാന്‍ ഗസറ്റിലെ മാധ്യമപ്രവര്‍ത്തകന്‍ മീര്‍ ഫൈസല്‍, ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് മെഹര്‍ബാന്‍, ദി ക്വിന്റ് പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് മേഘ്‌നാഥ് ബോസ്, ന്യൂസ് ലോണ്‍ഡ്രി പ്രൊഡ്യൂസര്‍ റോണക് ഭട്ട്, റിപ്പോര്‍ട്ടര്‍ ശിവാംഗി സക്‌സേന എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
2021 ഡിസംബറില്‍ ഹരിദ്വാറിലെ ഹിന്ദുത്വ സമ്മേളനത്തില്‍ പ്രകോപന പ്രസംഗം നടത്തിയതിന് നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.