വിഷ മലിനീകരണ തോത് കുറയ്ക്കാന്‍ ദേശീയ തലസ്ഥാന മേഖലയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ച് ഡല്‍ഹി സര്‍ക്കാര്‍. നേരത്തെയുള്ള അഭ്യര്‍ഥനകള്‍ കേന്ദ്രം അവഗണിച്ചെന്ന് ആരോപിച്ച ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്, കൃത്രിമ മഴ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കേന്ദ്രവുമായി ചര്‍ച്ച നടത്തണമെന്നും പറഞ്ഞു.
ഡല്‍ഹിയിലെ കോടിക്കണക്കിന് നിവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന മലിനീകരണം വര്‍ധിക്കുന്നത് തടയാന്‍ ഡല്‍ഹി ഇതിനകം സ്‌കൂളുകള്‍ അടച്ചിടുകയും നിര്‍മാണം നിര്‍ത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. പുകമഞ്ഞില്‍ നിന്ന് മുക്തി നേടാന്‍ കൃത്രിമ മഴ പോലുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുകയാണ് അധികൃതര്‍. ക്ലൗഡ് സീഡിങ് പ്രക്രിയയിലൂടെ കൃത്രിമമായി മഴ പെയ്യിക്കാന്‍ കഴിയും. ഇത് അന്തരീക്ഷത്തിലെ മലിനീകരണത്തെ ഇല്ലാതാക്കുമെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു.
‘ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം സെവര്‍ പ്ലസ് വിഭാഗത്തിലേക്ക് മാറിയത് കണക്കിലെടുക്കുമ്പോള്‍, നിലവിലെ സാഹചര്യത്തില്‍ ഈ രീതി ഉപയോഗിക്കുന്നത് അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു,’ ഗോപാല്‍ റായ് പറഞ്ഞു. അടിയന്തര യോഗത്തിനായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് പലതവണ കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ല. ഇനി ഇടപെടേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം തന്നെ ഐഐടി കാണ്‍പൂരുമായി കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിരവധി അനുമതികള്‍ ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 30ന് കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ഒക്ടോബര്‍ 10, 23 തീയതികളില്‍ രണ്ട് തവണ ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പ്രതികരണമോ യോഗം വിളിക്കുകയോ ചെയ്തിട്ടില്ല.
ജിആര്‍എപി (ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍)-IV നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് ഉള്‍പ്പെടെ ഡല്‍ഹി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള മലിനീകരണ വിരുദ്ധ നടപടികളും റായ് പട്ടികപ്പെടുത്തി. പുകമഞ്ഞ് കുറയ്ക്കുന്നതിനുള്ള തുടര്‍നടപടികള്‍ പര്യവേക്ഷണം ചെയ്യാന്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ‘പരിഗണനയിലുള്ള പരിഹാരങ്ങളിലൊന്ന് കൃത്രിമ മഴയാണ്, ഇത് മലിനീകരണം പരിഹരിക്കാനും വായു ശുദ്ധീകരിക്കാനും സഹായിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.