ന്യൂഡല്‍ഹി: അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു. രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകളാണ് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത്. സിംഘുവില്‍ ഒരുവിഭാഗം കര്‍ഷകര്‍ പൊലീസ് ബാരികേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി. സിംഘു, തിക്രി, ഗാസിപൂര്‍, ചില്ല അതിര്‍ത്തികളില്‍ നിന്നാണ് റാലി നടക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ കനത്തസുരക്ഷയിലാണ് രാജ്യതലസ്ഥാനം.
കര്‍ഷക നിയമങ്ങള്‍ക്കെതിരായ രോഷം ട്രാക്ടര്‍ റാലിയിലൂടെ ഡല്‍ഹിയില്‍ മുഴങ്ങുകയാണ്. ഒരുമണിക്കൂര്‍ മുന്‍പ് ആരംഭിച്ച റാലി രാജ്യംകണ്ട ഏറ്റവും വലിയ പ്രതിഷേധമായിരിക്കുകയാണ്. 5000 ട്രാക്ടറുകള്‍ക്കാണ് അനുമതിയെങ്കിലും ഇതില്‍കൂടുതല്‍പേര്‍ അണിനിരക്കുന്നുണ്ട്. സിംഘു, തിക്രി, ഗാസിപൂര്‍, ചില്ല എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങുന്ന റാലികള്‍ ഡല്‍ഹിയില്‍ പ്രവേശിച്ച ശേഷം തിരികെ സമരഭൂമിയില്‍ സമാപിക്കും.