ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം വീണ്ടും ശക്തമാവുന്നു. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി കര്‍ഷകര്‍ നീങ്ങി തുടങ്ങി. ഇതോടെ രാജ്യതലസ്ഥാനത്ത് സുരക്ഷാ വിന്യാസം വര്‍ധിപ്പിച്ചു. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പുറമെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് നീങ്ങി തുടങ്ങി. ഇതോടെ കൂടുതല്‍ കമ്പനി കേന്ദ്രസേനയെയും പൊലീസിനേയും ഡല്‍ഹി അതിര്‍ത്തിയില്‍ ഉടനീളം വിന്യസിച്ചു.
അതേ സമയം കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ഇന്നലെയും പരാജയപ്പെട്ടു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന് യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വീണ്ടും ചര്‍ച്ച നടത്താന്‍ ഇരു കൂട്ടരും സമ്മതിച്ചിട്ടുണ്ട്.
കാര്‍ഷിക നിയമങ്ങളില്‍ എട്ടു ഭേദഗതികള്‍ കൊണ്ടു വരാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചിരുന്നത്. എന്നാല്‍ അത് കണ്ണില്‍ പൊടിയിടാനുള്ള പരിപാടിയാണെന്നും അനുവദിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ നിലപാടെടുത്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നതില്‍ കവിഞ്ഞൊരു വിട്ടുവീഴ്ചക്കും തങ്ങളില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഇതോടെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.