ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ സ്തംഭിച്ച് രാജ്യതലസ്ഥാനം. ബുറാഡിയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച സമരവേദിയിലേക്ക് മാറിയാല്‍ ഉടന്‍ ചര്‍ച്ചയാകാമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ ഉപാധി കര്‍ഷക സംഘടനകള്‍ അംഗീകരിച്ചില്ല. ഡല്‍ഹിയുടെ നാലു ദിക്കുകളും വളയാനാണ് സമരക്കാരുടെ തീരുമാനം.
ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിക്കുന്ന മുപ്പത് കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്നാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ ഉപാധി തള്ളിയത്. ബുറാഡിയിലേക്ക് സമരവേദി മാറ്റില്ല. ചര്‍ച്ച നടത്തണമെങ്കില്‍ നേതാക്കള്‍ സംഘുവിലെ സമരവേദിയിലേക്ക് വരണം-കര്‍ഷകര്‍ പറയുന്നു.
‘അമിത് ഷായെ ഞങ്ങള്‍ ഇങ്ങോട്ട് ക്ഷണിക്കുന്നു. ഇവിടെ ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ചര്‍ച്ച ചെയ്യാം. ആറു മാസത്തേക്കുള്ള റേഷനുമായിട്ടാണ് ഞങ്ങള്‍ വന്നിട്ടുള്ളത്. നിയമം പിന്‍വലിക്കും വരെ ഇവിടെ നിന്ന് പിന്നോട്ടില്ല’ എന്നും കര്‍ഷകര്‍ പറഞ്ഞു.