ന്യൂഡല്‍ഹി: 2005ലെ ഡല്‍ഹി സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു മുസ്്‌ലിം യുവാക്കള്‍ക്ക് സംഭവവുമായി ബന്ധമൊന്നുമില്ലെന്ന് 2009ല്‍ തന്നെ അന്വേഷണോദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്.
അറസ്റ്റിലായ മൂന്ന് ക്ശ്മീരി യുവാക്കള്‍ക്ക് സംഭവവുമായി ബന്ധമൊന്നുമില്ലെന്ന് ഡല്‍ഹി പൊലീസിനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനും അറിയാമായിരുന്നു എന്ന് രഹസ്യരേഖകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ നിരപരാധികളാണെന്ന് ആന്ധ്ര പൊലീസിലെ ഭീകരവിരുദ്ധ സെല്ലായ ഓര്‍ഗനൈസേഷന്‍ ഫോര്‍ കൗണ്ടര്‍ ടെററിസ്റ്റ് ഓപറേഷന്‍സാണ് (ഒക്ടോപസ്) റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ ഇതിനു ശേഷവും ഇവരുടെ മോചനവുമായി ബന്ധപ്പെട്ട യാതൊരു ശ്രമങ്ങളും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.
മുഹമ്മദ് റഫീഖ് ഷാ, മുഹമ്മദ് ഹുസൈന്‍ ഫാസിലി, താരീഖ് ധര്‍ എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. ഇവരെ 12 വര്‍ഷത്തെ വിചാരണത്തടവിനു ശേഷം ആദ്യത്തെ രണ്ടു പേരെ ഈ മാസമാണ് ഡല്‍ഹി കോടതി വെറുതെ വിട്ടത്. ഭീകരവാദത്തെ അനുകൂലിച്ചു എന്നതിന്റെ പേരില്‍ താരീഖ് ധറിന് 10 വര്‍ഷത്തെ തടവു വിധിച്ചിരുന്നു. എന്നാല്‍ വിചാരണക്കാലയളവില്‍ തന്നെ ഇതില്‍ക്കൂടുതല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നതു കൊണ്ട് ജയിലില്‍ കിടക്കേണ്ടി വന്നില്ല.
2005 ഒക്ടോബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. ദീപാവലിയുടെ തലേന്ന് സരോജിനി നഗര്‍, ഗോവിന്ദപുരി, പഹാര്‍ഗഞ്ച് എന്നീ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 60 പേരാണ് കൊല്ലപ്പെട്ടിരുന്നത്.
സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പാക് ആസ്ഥാനമായ തീവ്രവാദി സംഘടന ഇന്ത്യന്‍ മുജാഹീദിന്‍ ആണെന്നാണ് ഒക്ടോപസ് പറയുന്നത്. 2008ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആതിഫ് അമീന്‍ എന്ന ഇന്ത്യന്‍ മുജാഹിദീന്‍ മേധാവിയാണ് സ്‌ഫോടന പരമ്പരയ്ക്കു പിന്നിലെ സൂത്രധാരന്‍.
ഇയാള്‍ക്കു പുറമേ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ മിര്‍സ ഷദാബ് ബൈഗ്, മുഹമ്മദ് ഷക്കീല്‍, സാഖിബ് നിസാര്‍ എന്നീ മൂന്നു പേര്‍ക്കു കൂടി കേസില്‍ നേരിട്ടു പങ്കുണ്ട്. ജസോല ഏരിയയിലെ ഇടുങ്ങിയ ഫ്‌ളാറ്റില്‍ താമസിച്ചാണ് ആതിഫ് സ്‌ഫോടനത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയത്- റിപ്പോര്‍ട്ട് പറയുന്നു.