ന്യൂഡല്‍ഹി: നിയമപരമായ രേഖകളുമായി ട്രക്കില്‍ പോത്തിനെ കൊണ്ടുപോയ മൂന്നുപേര്‍ ഡല്‍ഹിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി. കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ നിയന്ത്രണത്തിലുള്ള പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് (പി.എഫ്.എ) എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.
മര്‍ദ്ദനത്തിനിരയായ റിസ്‌വാന്‍ (25), അഷു(28), കാമില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതും വിവാദമായി. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് നടപടി.
മര്‍ദ്ദനമേറ്റവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കഴിഞ്ഞദിവസം രാത്രി ദക്ഷിണ പൂര്‍വ ഡല്‍ഹിയിലെ കല്‍കജി മേഖലയിലായിരുന്നു സംഭവം. ഗുഡ്ഗാവില്‍ നിന്നും ഖാസിപ്പുരിലേക്ക് കാലികളുമായി പോകുകയായിരുന്നു മൂവരും. 14 പോത്തുകളായിരുന്നു ട്രക്കിലുണ്ടായിരുന്നത്. കല്‍കജിയിലെത്തിയപ്പോള്‍ ട്രക്ക് തടഞ്ഞ സംഘം തങ്ങള്‍ മൃഗസംരക്ഷണ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് വാഹനത്തിലുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ തന്നെയാണ് പശുവിനെ കടത്തുന്നതായി പൊലീസില്‍ വിവരമറിയിച്ചതും.
പൊലീസെത്തി ഇവരെ ആസ്പത്രിയേക്ക് മാറ്റിയെങ്കിലും അക്രമികളെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല. അനധികൃതമായല്ല പോത്തുകളെ കടത്തിയതെന്നും ഇവര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റതായും ഡല്‍ഹി ഡെപ്യൂട്ടി കമീഷണര്‍ റോമില്‍ ബാനിയ പറഞ്ഞു. പശു സംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്ത് അതിക്രമങ്ങള്‍ വ്യാപകമായതിനു പിന്നാലെയാണ് മൃഗസംരക്ഷകരെന്ന വ്യാജേനയും കയ്യേറ്റം തുടങ്ങിയത്.
കഴിഞ്ഞദിവസം കശ്മീരിലെ റിയാസി ജില്ലയില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ബാലിക അടക്കമുള്ള കുടുംബത്തെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.