ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍.
പൂജാ ആഘോഷ വേളയുടേയും ശൈത്യകാലത്തിന്റേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 12,000 മുതല്‍ 14000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്നാണ് വിദഗ്ധസമിതി പ്രവചിച്ചത്. 15,000 കേസുകള്‍ നേരിടുനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട് അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച ഡല്‍ഹിയില്‍ 4116 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 35 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഡല്‍ഹിയിലെ ഇതുവരെ 3.51 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3.19 ലക്ഷം പേരും ഇതിനോടകം രോഗമുക്തി നേടി. 6225 പേര്‍ മരിച്ചു. 26,467 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിക്കുന്ന എല്ലാവരുടേയും സമ്പര്‍ക്ക പട്ടിക കണ്ടെത്തി നിരീക്ഷണത്തിലാക്കിക്കൊണ്ടുളള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.