ഡല്‍ഹി: പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് താന്‍ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും, താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും താമസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. സെപ്റ്റംബര്‍ 12-ന് ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് വിപിന്‍ സംഘ്വി, രജ്നിഷ് ഭട്നഗര്‍ എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച വാദം കേട്ടത്. താന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും സ്വന്തം താല്പര്യപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇവര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ആഗ്രഹിക്കുന്ന ഇടത്ത്, ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിന് സ്വാതന്ത്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്.
ദമ്പതികള്‍ താമസിക്കുന്ന സ്ഥലത്തിന്റെ ചുമതലയുളള പൊലീസ് കോണ്‍സ്റ്റബിളിന്റെ ഫോണ്‍ നമ്പര്‍ ദമ്പതികള്‍ക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു. ആവശ്യം വരികയാണെങ്കില്‍ പോലീസിനെ ബന്ധപ്പെടുന്നതിന് വേണ്ടിയാണ് ഫോണ്‍ നമ്പര്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.