X
    Categories: indiaNews

കുടുംബാംഗങ്ങളെ കാണാന്‍ അനുമതിയില്ല; ഉമര്‍ ഖാലിദിന്റെ ഹരജി കോടതി തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെ ചൊല്ലി പൊലീസ് കസ്റ്റഡിയിലായ ആക്ടിവിസ്റ്റും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഉമര്‍ ഖാലിദ്, കുടുംബാംഗങ്ങളെ കാണണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഡല്‍ഹി കോടതി തള്ളി. പത്ത് ദിവസമായി കസ്റ്റഡിയില്‍ കഴിയവെ രണ്ട് ദിവസങ്ങളിലായി അരമണിക്കൂര്‍ വീതം കുടുംബാങ്ങളെ കാണാന്‍ അനുവദിക്കണമെന്ന ഖാലിദിന്റെ ആവശ്യമാണ് കോടതി തള്ളിയത്.

കുടുംബാംഗങ്ങളെ കാണാന്‍ ഉമര്‍ ഖാലിദിനെ അനുവദിച്ചാല്‍ അത് ചോദ്യം ചെയ്യലിനെ ബാധിക്കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 13 നാണ് യുഎപിഎ ചുമത്തി ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി അറസ്റ്റ് ചെയ്യുന്നത്. ശനിയാഴ്ച ഡല്‍ഹി പൊലീസ് വിളിച്ചുവരുത്തിയ ശേഷം ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്ന. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

കുടുംബാംഗങ്ങളെ കാണാന്‍ അനുമതി നല്‍കാമെന്ന് ഡല്‍ഹി പൊലീസ് വാക്കാല്‍ ഉറപ്പു തന്നിരുന്നെന്നും എന്നാല്‍ പിന്നീട് പൊലീസ് നിഷേധിക്കുകയായിരുന്നെന്നും ഉമര്‍ ഖാലിദ് ഹരജിയില്‍ പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.

chandrika: