ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് നാളെ നടക്കും. 250 വാര്‍ഡുകളിലായി ഒന്നൊര കോടിയിലധികം വോട്ടര്‍മാരാണുള്ളത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഏകീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. നിലവില്‍ ബി.ജെ.പിയാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയാണ് പ്രധാന പ്രതിപക്ഷം. കോണ്‍ഗ്രസും സജീവമായി മത്സര രംഗത്തുണ്ട്. ബി.ജെ.പിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരും ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി സംസ്ഥാന മന്ത്രിമാരുമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. 219 ആം വാര്‍ഡായ ദില്‍ഷാദ് ഗാര്‍ഡനില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി ശഹസാദ് മത്സരിക്കുന്നത്.
ഡല്‍ഹി സംസ്ഥാന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കൂടിയായ ശഹസാദ് കോണി ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദില്‍ഷാദ് ഗാര്‍ഡന്‍ വാര്‍ഡില്‍ കഴിഞ്ഞ തവണ വിജയിച്ചത് ബി.ജെ.പിയായിരുന്നു. അറുപത്തി എട്ടായിരം വോട്ടര്‍മാരുള്ള ഈ വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്കായി ശക്തമായ പ്രചരണ പരിപാടികള്‍ നടന്നിട്ടുണ്ട്. കോവിഡ് മഹാമാരിയിലെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നിന്ന ശഹസാദ് അബ്ബാസി ഈ പ്രദേശത്തെ ജനകീയ മുഖമാണ്.
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, സെക്രട്ടറി അസറുദ്ധീന്‍ ചൗധരി, ദേശീയ സമിതി അംഗങ്ങളായ സികെ ശാക്കിര്‍, അഡ്വ. മര്‍സൂഖ് ബാഫഖി, ഡല്‍ഹി കെഎംസിസി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാന്‍, സെക്രട്ടറി മുഹമ്മദ് ഹലിം, ഡല്‍ഹി എം.എസ്.എഫ് ട്രഷറര്‍ പി. അസ്ഹറുദ്ധീന്‍ തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കി.