X
    Categories: indiaNews

ഡല്‍ഹി കോര്‍പറേഷന്‍ ആര്‍ക്ക്; മറ്റന്നാള്‍ അറിയാം

ന്യൂഡല്‍ഹി: ശക്തമായ ത്രികോണ മല്‍സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 50 ശതമാനം പോളിങ്. 250 വര്‍ഡുകളിലായി 1,300 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് ഡല്‍ഹി കോര്‍പറേഷനുകളെ ഏകീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.

1.46 കോടി വോട്ടര്‍മാരാണ് കോര്‍പറേഷന്‍ പരിധിയിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പച്ചതൊട്ടില്ലെങ്കിലും 15 വര്‍ഷമായി കോര്‍പറേഷന്‍ ഭരണം ബി.ജെ.പിയുടെ കൈകളിലാണ്. സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഇത്തവണ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.

219-ാം വാര്‍ഡായ ദില്‍ഷാദ് ഗാര്‍ഡനില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശഹസാദ് അബ്ബാസി കോണി ചിഹ്നത്തില്‍ ജനവിധി തേടി. 2017ല്‍ ആകെയുള്ള 272 ല്‍ 181 സീറ്റാണ് ബി.ജെ.പി സ്വന്തമാക്കിയത്. എ.എ.പി 48ഉം കോണ്‍ഗ്രസ് 30ഉം സീറ്റുകള്‍ നേടി. 2022 മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പാണ് മാസങ്ങള്‍ക്കു ശേഷം ഡിസംബറില്‍ നടന്നത്. വോട്ടെടുപ്പ് അടുത്തതോടെയാണ് സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് ഡല്‍ഹി കോര്‍പറേഷനുകളെ ഒരുമിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട് പാര്‍ലമെന്റില്‍ ഇതിനുള്ള നിയമം പാസാക്കി. വാര്‍ഡ് പുനഃക്രമീകരണ നടപടികളും പൂര്‍ത്തിയാക്കേണ്ടി വന്നതിനാല്‍ തിരഞ്ഞെടുപ്പ് വൈകി.

വായു മലിനീകരണവും മാലിന്യവുമെല്ലാമാണ് പാര്‍ട്ടികള്‍ ഇത്തവണ പ്രചാരണായുധമാക്കിയത്. 13,638 ബൂത്തുകളിലായി രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെയായിരുന്നു വോട്ടെടുപ്പ്. ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.

Test User: