ന്യൂഡല്‍ഹി: ജനങ്ങളെ നേരില്‍ക്കാണാന്‍ ദിവസേന നിശ്ചിത സമയം നീക്കിവെച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂട്ടരും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 10നും 11നുമിടക്കായി മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് ഇല്ലാതെ തന്നെ ജനങ്ങളെ സന്ദര്‍ശിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, എല്ലാ മന്ത്രിമാരും ഇതേ രീതിയില്‍ സന്ദര്‍ശന പരിപാടികള്‍ നടത്തണമെന്ന നിര്‍ദേശം നല്‍കിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ സിസോദ്യ അറിയിച്ചു.
മുഖ്യമന്ത്രി വിടുവായത്തം പറയുകയല്ലാതെ ഓഫീസില്‍ വരാറില്ലെന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്ര ആരോപിച്ചിരുന്നു. കപില്‍ മിശ്ര ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് ദുരൂഹമായ മൗനം തുടരുമ്പോഴാണ് കെജ്‌രിവാള്‍ പുതിയ തീരുമാനവുമായി രംഗത്തെത്തുന്നത്.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പത്തിനും പതിനൊന്നിനുമിടക്കുള്ള നേരങ്ങളില്‍ മന്ത്രിമാരാരും മറ്റൊരു പരിപാടിയും ഏറ്റെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി ജനങ്ങളെ കാണുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് സെക്രട്ടറിയേറ്റിലായിരിക്കുമോ അതോ മറ്റെവിടെങ്കിലുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
സ്വന്തം മന്ത്രിസഭയിലംഗമായിരുന്ന കപില്‍ മിശ്ര ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ ഒന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി മുഖം രക്ഷിക്കാനുളള നടപടിയുമായി ഇറങ്ങിയിരിക്കുകയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.