കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ശംഭുവില്‍ പൊലീസ് കര്‍ഷകര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. മാര്‍ച്ച് മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ കര്‍ഷകരോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നുവെങ്കിലും മുന്നോട്ട് പോകാനുള്ള നിലപാട് ശക്തമാക്കിയതിനു പിന്നാലെയാണ് ശംഭുവില്‍ പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് എത്തിയത്. പിന്നീട് അത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. അതിനുപിന്നാലെ പൊലീസ് കണ്ണീര്‍ വാതക പ്രയോഗം നടത്തുകയായിരുന്നു.
നിലവില്‍ അവിടുത്തെ സാഹചര്യം മോശമാണ്. രാവിലെ പഞ്ചാബില്‍ നിന്നാണ് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്. ട്രാക്ക്ടറില്‍ ആറുമാസത്തേക്ക് വേണ്ട ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഉള്‍പ്പടെയാണ് കര്‍ഷകര്‍ മാര്‍ച്ചിന് എത്തിയത്. മാര്‍ച്ച് എവിടെവെച്ച് തടയുന്നോ അവിടെ കുത്തിയിരുന്ന് ടെന്റടിച്ച് പ്രതിഷേധിക്കുമെന്നാണ് കര്‍ഷകര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ദില്ലിയിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിങ്കുവില്‍ വലിയ സന്നാഹങ്ങളാണ് മാര്‍ച്ചിനെ പ്രതിരോധിക്കാനായി ഒരുക്കിയിരിക്കുന്നത്. സോണിപത്തിലേക്ക് പോകുന്ന ദേശീയ പാതയുടെ ഒരു വശം പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. സിങ്കു അതിര്‍ത്തിയിലേക്ക് കര്‍ഷകര്‍ക്ക് ഇതുവരെ എത്താന്‍ സാധിച്ചിട്ടില്ല. ഡല്‍ഹി അതിര്‍ത്തിയായ ഗാസിപൂര്‍, തിക്രി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഈ ഘട്ടത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. അതിന് മുന്നേ കര്‍ഷകരെ തടയുകയാണ്. കോണ്‍ക്രീറ്റ് പാളികള്‍ റോഡിലേക്ക് വലിച്ചിട്ട് അതിനിടയില്‍ കമ്പിവലിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച് ബീമുകള്‍ നിരത്തിയിട്ടുണ്ട്. ആര്‍എഎഫ്എസ് സംഘങ്ങളും അണിനിരന്നിട്ടുണ്ട്. വലിയ സംഘത്തെയാണ് മാര്‍ച്ചിനെ നേരിടാന്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്.
അമ്പാല ഭാഗത്താണ് നിലവില്‍ സമരമുള്ളത്. ദില്ലിയിലേക്ക് എത്തുക എന്നത് കര്‍ഷകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ബാരിക്കേഡുകളും കോണ്‍ഗ്രീറ്റ് പാളികളും കൂടാതെ കണ്ടെയ്നറുകളില്‍ മണ്ണുനിറച്ച് റോഡുകളില്‍ നിരത്തിയിട്ടുണ്ട്. ഇതെല്ലാം മറികെടന്ന് വരുന്നത് കര്‍ഷകരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. അതിര്‍ത്തികളില്‍ നിന്ന് ദില്ലിയിലേക്ക് റോഡിന്റെ ഒരു വശത്തൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതുമൂലം ഗതാഗത കുരുക്ക് നേരിടുന്നുണ്ട്.