ഡല്‍ഹിയിലെ കേരളസര്‍ക്കാരിന്റെ പ്രതിനിധിയായി മുന്‍കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ.വി തോമസിനെ നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍നിന്ന് കഴിഞ്ഞ മേയിലാണ് പുറത്താക്കപ്പെട്ടത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. മുമ്പ് എ. സമ്പത്ത് ആയിരുന്നു ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധി. ഇക്കാലത്ത് കാര്യമായൊന്നും സംസ്ഥാനത്തിന് വേണ്ടി അദ്ദേഹത്തിന് ചെയ്യാനാകാത്തത് വിവാദമായിരുന്നു. ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവയില്‍ ലക്ഷക്കണക്കിന് രൂപയാണ് എഴുതിവാങ്ങിയിരുന്നത്. കാബിനറ്റ് റാങ്ക് ലഭിക്കുന്നതോടെ കാറും പി.എ മാരും മറ്റും മന്ത്രിമാര്‍ക്ക് തുല്യമായി തോമസിനും ലഭിക്കും.
മന്‍മോഹന്‍സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്ന തോമസ് ഭക്ഷ്യസുരക്ഷാനിയമത്തിന്റെ സ്രഷ്ടാക്കളില്‍ പ്രധാനിയായിരുന്നു. എറണാകുളത്ത് വീണ്ടും ലോക്‌സഭാസ്ഥാനാര്‍ത്ഥിത്വം ലഭിക്കാതിരുന്നതാണ് അദ്ദേഹത്തെ പാര്‍ട്ടിക്കെതിരാക്കിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് പദവി നല്‍കിയെങ്കിലും അതിലും തൃപ്തനായിരുന്നില്ല.