ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെയുള്ള പ്രചാരണ ക്യാംപയിന്റെ ഭാഗമാകാന്‍ അണ്ണ ഹസാരെയെ ക്ഷണിച്ച് ബി.ജെ.പി. ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ ആദേശ് ഗുപ്തയാണ് ഹസാരെയെ പാര്‍ട്ടി പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. ഹസാരെയ്ക്ക് ഇതു സംബന്ധിച്ച് ബി.ജെ.പി കത്തു നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയ ശുദ്ധതയുടെ എല്ലാ മാനദണ്ഡങ്ങളും ഇല്ലാതാക്കിയ പാര്‍ട്ടിയാണ് ആം ആദ്മിയെന്ന് കത്തില്‍ ഗുപ്ത ആരോപിക്കുന്നു. ഫെബ്രുവരിയില്‍ 53 പേര്‍ കൊല്ലപ്പെട്ട വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രണം ചെയ്തത് ആം ആദ്മിയാണ്. രാഷ്ട്രീയത്തിലെ വിശുദ്ധി പറഞ്ഞാണ് അവര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അവര്‍ എല്ലാം നശിപ്പിച്ചു- ഗുപ്ത കത്തില്‍ ചൂണ്ടിക്കാട്ടി.
യുവാക്കള്‍ക്കും ഡല്‍ഹിയിലെ ജനങ്ങള്‍ക്കും വേണ്ടി ഒരിക്കല്‍ക്കൂടി ഹസാരെയുടെ ശബ്ദം ഉയരേണ്ടതുണ്ടെന്നും ഗുപ്ത പറയുന്നു. 2011ല്‍ ലാംലീല മൈതാനത്ത് അഴിമതിക്കെതിരെ ഹസാരെ നടത്തിയ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് കെജ്‌രിവാള്‍. പിന്നീട് ഹസാരെയുമായുള്ള രാഷ്ട്രീയ ബന്ധം ഡല്‍ഹി മുഖ്യമന്ത്രി ഉപേക്ഷിച്ചിരുന്നു.