Categories: indiaNews

ഡല്‍ഹി നിയമസഭ; 21 ആംആദ്മി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് സ്പീക്കര്‍

ഡല്‍ഹി നിയമസഭയില്‍ 21 ആംആദ്മി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് സ്പീക്കര്‍. 22ല്‍ ഇന്ന് സഭയില്‍ ഹാജരായ 21 പേരെയാണ് സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത മൂന്ന് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.

സിഎജി റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ചതിനാണ് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത്. വന്‍ പ്രതിപക്ഷ ബഹളത്തിനിടയിലാണ് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാ ഗുപ്ത സിഎജി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ലൈസന്‍സ് നല്‍കുന്ന പ്രക്രിയയില്‍ നിയമ ലംഘനങ്ങള്‍ നടന്നിരുന്നു. നയം രൂപീകരിക്കുന്നതിനുള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ അന്നത്തെ ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയ അവഗണിച്ചതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈസന്‍സ് ഫീസ് ഇനത്തില്‍ എക്‌സൈസ് വകുപ്പിന് ഏകദേശം 890.15 കോടി രൂപയുടെ നഷ്ടമുണ്ടായി. മദ്യശാലകള്‍ തുറക്കുന്നതിന് സമയബന്ധിതമായി അനുമതി ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ റദ്ദാക്കിയ മദ്യനയം 941.53 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ലൈസന്‍സികള്‍ക്ക് ക്രമരഹിതമായ ഇളവുകള്‍ നല്‍കിയതുവഴി 144 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്നും പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ മാറ്റിയതിനെതിരെയുള്ള റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള ബഹളത്തെത്തുടര്‍ന്നുമാണ് പ്രതിപക്ഷ നേതാവ് അതിഷി ഉള്‍പ്പെടെയുള്ള എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത്. ബി.ആര്‍ അംബേദ്കറുടെ പൈതൃകത്തെ ബിജെപി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് അതിഷി പറഞ്ഞു.

webdesk18:
whatsapp
line